ശബരിമല ദര്ശത്തിനെത്തിയതിന്റെ പേരില്‍ യുവതിയെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി

കോഴിക്കോട്: ശബരിമല ദര്ശത്തിനെത്തിയതിന്റെ പേരില്‍ യുവതിയെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി. കോഴിക്കോട് സ്വദേശി ബിന്ദു കങ്കം കല്യാണിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേവായൂരിലെ വാടക വീട്ടിലാണ് ബിന്ദു താമസിച്ചിരുന്നത്. എന്നാല്‍ ശബരിമല യാത്ര കഴിഞ്ഞ് എത്തിയപ്പോള്‍ വാടക വീട്ടില്‍ ഇനി താമസിക്കാന്‍ സാധിക്കില്ല എന്ന് ഉടമ അറിയിച്ചു. അക്രമം ഉണ്ടാകും എന്ന് ഭയന്നാണ് ഉടമ ഇങ്ങനെ പറഞ്ഞത് എന്നാണ് ബിന്ദു പറയുന്നത്.
ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇംഗ്ലീഷ് അധ്യാപികയാണ് ബിന്ദു. എന്നാല്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലിയില്‍ പ്രവേശിക്കരുത് എന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതായും ബിന്ദു പറയുന്നു. നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.

വാടക വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നതിനാല്‍ ബിന്ദു സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് താല്‍ക്കാലികമായി താമസം മാറ്റിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. കസബ പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. തിങ്കളാഴ്ചയായിരുന്നു ബിന്ദു ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് മടങ്ങുകയായിരുന്നു.

