KOYILANDY DIARY.COM

The Perfect News Portal

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ നടപടികളുമായി തദ്ദേശ വകുപ്പ്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കുന്നത്. തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ഇടതാവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് 4.5 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 23 പഞ്ചായത്തുകള്‍ക്ക് 2 കോടി രൂപയും, 6 മുന്‍സിപാലിറ്റികള്‍ക്ക് 1 കോടി രൂപ വീതവുമാണ് അനുവദിച്ചത്.

കൂടാതെ സ്‌പെഷ്യല്‍ ഗ്രാന്‍റായി 1.5 കോടിയും അനുവദിച്ചു. ഇതില്‍ റാന്നി പെരിനാട്, എരുമേലി ഗ്രാമപഞ്ചായത്തുകള്‍ക്ക് 30 ലക്ഷം രൂപ വീതവും, വടശ്ശേരിക്കര പഞ്ചായത്തിന് 20 ലക്ഷം രൂപയും, കുളനട ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപയും, പഴവങ്ങാടി, റാന്നി, അങ്ങാടി, നാറാണമൂഴി, സീതത്തോട്, ചെറുകോല്‍, അയിരൂര്‍, മുത്തോലി, എലിക്കുളം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട്, കുമളി, പെരുവന്താനം, വണ്ടിപ്പെരിയാര്‍, പീരുമേട് പഞ്ചായത്തുകള്‍ക്ക് 5 ലക്ഷം രൂപം വീതവുമാണ് നല്‍കുക.

ചെങ്ങന്നൂര്‍, പത്തനംതിട്ട മുന്‍സിപാലിറ്റികള്‍ 25 ലക്ഷം, പന്തളം മുന്‍സിപാലിറ്റി-20 ലക്ഷം, തിരുവല്ല, ഏറ്റുമാനൂര്‍, പാല മുന്‍സിപാലിറ്റികള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കും.

Advertisements

ശബരിമലക്ക് ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകള്‍ക്കും, ഗുരുവായൂര്‍ മുന്‍സിപാലിറ്റിക്കുമാണ് സ്പെഷ്യല്‍ ഗ്രാന്‍റ് ഇനത്തില്‍ ഫണ്ട് നല്‍കാന്‍ ഉത്തരവായത്. എരുമേലി, ചിറ്റാര്‍, റാന്നി-പെരുനാട്, വടശ്ശേരിക്കര, സീതത്തോട്, നാറണാമുഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ വീതവും, ഗുരുവായൂര്‍ മുന്‍സിപാലിറ്റിക്ക് 25 ലക്ഷം രൂപയുള്‍പ്പെടെ 1 കോടി 15 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ ഗ്രാന്‍റായി നല്‍കുന്നത്.

ഇടതാവളങ്ങള്‍ തീര്‍ത്ഥാടന സൗഹൃദ കേന്ദ്രങ്ങളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇടതാവളങ്ങളില്‍ കുടിവെള്ള സൗകര്യം, ബാത്ത്‌റൂം സംവിധാനങ്ങള്‍, വിശ്രമിക്കാനുള്ള സൗകര്യം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനും, സ്ഥിതി മെച്ചപ്പെടുത്താനും ഈ തുക ഉപയോഗിക്കാം.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രദാനം ചെയ്യുമെന്നും, ഇടതാവളങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *