ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് ബാധകമല്ലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ തടയുന്ന രീതിയില്‍ നിരോധനാജ്ഞ ഇല്ലെന്നും ക്രിമിനലുകള്‍ക്ക് മാത്രമാണ് നിരോധനാജ്ഞ ബാധകമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാമൂഹികവിരുദ്ധര്‍ ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും പൊലീസ് എടുത്തു കളഞ്ഞിട്ടുണ്ട്. നിലയ്ക്കലില്‍ നിന്നും പമ്ബയിലേക്ക് ഇപ്പോള്‍ 24 മണിക്കൂറും ബസ് സര്‍വ്വീസുണ്ട്. പമ്യിപല്‍ നിന്നും സന്നിധാനത്തേക്ക് മുഴുവന്‍ സമയവും തീര്‍ത്ഥാടകരെ അനുവദിക്കുന്നുണ്ട്. സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങുന്ന ഭക്തരെ ഇന്നലെ മുതല്‍ നടപ്പന്തല്‍ വഴി മടങ്ങിപ്പോകാനും പൊലീസ് അനുവദിച്ചു.

കര്‍ശന നിയന്ത്രണങ്ങളില്‍ പൊലീസ് വിട്ടുവീഴ്ച കാണിച്ചു തുടങ്ങിയതോടെ സന്നിധാനത്തേക്കുളള യാത്രയിലെ അനിശ്ചിതത്വവും അവസാനിച്ച മട്ടാണ്. നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ നിന്നും സുഗമമായി സന്നിധാനത്തേക്ക് വരാന്‍ സാധിക്കുന്നു. ഇന്ന് രാവിലെ മുതല്‍ നല്ല തിരക്കാണ് പമ്ബയിലും സന്നിധാനത്തും അനുഭവപ്പെടുന്നത്.

