വെള്ളത്തിൽ മുങ്ങിയ അഞ്ച് വയസ്സുകാരന് രക്ഷകനായി അശ്വിൻ കൃഷ്ണ

നാദാപുരം: വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസ്സുകാരന് വിദ്യാർഥി രക്ഷകനായി. ചെക്യാട് ചാത്തോത്ത് നംഷിദ്–- നസ്രത്ത് ദമ്പതികളുടെ മകൻ അജ്മൽ ആണ് ചോയി തോട്ടിൽ മുങ്ങിത്താണത്. അലക്കാനെത്തിയ അയൽവാസിയായ സ്ത്രീക്കൊപ്പം എത്തിയ കുട്ടി തോട്ടിലെ വെള്ളത്തിലെ ചുഴിയിൽ അകപ്പെടുകയായിരുന്നു.
സ്ത്രീയുടെ കരച്ചിൽ കേട്ടെത്തിയ ചെക്യാട് കുന്നത്ത് അശ്വിൻ കൃഷ്ണ (ടിന്റു) വെള്ളത്തിൽ ചാടി കുട്ടിയെ ഏറെ സാഹസപ്പെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. തലശേരി ക്രൈസ്റ്റ് കോളേജ് ഡിഗ്രി വിദ്യാർഥിയായ അശ്വിൻ കൃഷ്ണ ചെക്യാട് കുന്നത്ത് കുമാരൻ–-കോമള ദമ്പതികളുടെ മകനാണ്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ അശ്വിനെ വിലപിടിപ്പുള്ള ഫോൺ വെള്ളത്തിൽ നഷ്ടമായി. അശ്വിൻ കൃഷ്ണയെ പാരിതോഷികം നൽകി അഭിനന്ദിച്ചു.

