വീട്ടുമുറ്റത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കി

കോഴിക്കോട്: മാളിക്കടവ് ബൈപ്പാസിന് സമീപം വീട്ടുമുറ്റത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കി. മാളിക്കടവിനും മൊകവൂരിനുമിടയില് കുണ്ടൂരാലിങ്ങല് ശാന്തയുടെ വീടിന്റെ മുറ്റത്തേക്കാണ് മാലിന്യമൊഴുക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എഴുന്നേറ്റപ്പോഴാണ് വീട്ടുകാര്‍ മുറ്റത്ത് മാലിന്യമൊഴുക്കിയത് കണ്ടത്. മുറ്റംനിറയെ ദുര്‍ഗന്ധംവമിക്കുന്ന കറുത്തവെള്ളം കണ്ടപ്പോഴാണ് സംഭവം മനസ്സിലായതെന്ന് കുണ്ടൂരാലിങ്ങലിലെ സുമേഷ് പറഞ്ഞു. കുളിമുറിയില്‍ നിന്നുള്‍പ്പെടെയുള്ള വെള്ളമാണ് ഒഴുക്കിയതെന്നാണ് കരുതുന്നത്. തുടര്‍ന്ന് കൗണ്‍സിലര്‍ ടി.എസ്. ഷിംജിതും ചേവായൂര്‍ പോലീസും സ്ഥലത്തെത്തി. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം തൊഴിലാളികളെത്തിയാണ് ഇവിടെ വൃത്തിയാക്കിയത്. രണ്ട് കുഴികുത്തി മാലിന്യം ഇതിലേക്ക് മാറ്റുകയാണ് ചെയ്തത്.
പല സ്ഥലങ്ങളില്‍നിന്ന് പതിനായിരം രൂപവരെ ലോഡിന് നല്‍കിയാണ് കക്കൂസ് മാലിന്യം സ്വകാര്യഏജന്‍സികള്‍ നീക്കുന്നത്. സംസ്കരിക്കാനെന്ന വ്യാജേന ശേഖരിക്കുന്ന ഇവ പലപ്പോഴും ആളൊഴിഞ്ഞ ഇടങ്ങളിലും റോഡരികിലും ജലാശയങ്ങളിലും തള്ളുകയാണ്. ഇത്തരത്തില്‍ ബൈപ്പാസിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. റോഡരികില്‍ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് രാത്രികാലങ്ങളില്‍ മാലിന്യം തള്ളും. പിന്നീട് നാട്ടുകാര്‍ സംഘടിച്ച് കമ്മറ്റിയുണ്ടാക്കി. കോര്പ്പറേഷന്റെതുള്പ്പെടെ നൈറ്റ് സ്ക്വാഡും സജീവമായി. അതോടെ കുറച്ചുനാളായി ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നില്ലായിരുന്നു.

വാഹനപരിശോധനയ്ക്കുള്ള പോലീസിന്റെ ക്യാമറകളും ഈ പ്രദേശത്തുണ്ട്. നേരത്തേ രണ്ട് വട്ടം മാലിന്യം തള്ളിയ വണ്ടി ക്യാമറയില്‍ പതിഞ്ഞിരുന്നു. വ്യാജനമ്ബറാണ് വണ്ടികളുടേതെന്നാണ് അന്ന് പരിശോധനയില്‍ വ്യക്തമായതെന്ന് കൗണ്‍സിലര്‍ ഷിംജിത് പറഞ്ഞു. ശാന്തയുടെ വീട്ടുമുറ്റത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ക്യാമറ പരിശോധിച്ചെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചു. വാഹനങ്ങള്‍ പിടികൂടിയാല്‍ പോലും ചെറിയ പിഴയീടാക്കിയാണ് പലപ്പോഴും വിടുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടായാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാവൂ.

