വിധവയ‌്ക്കും പെണ്‍മക്കള്‍ക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം

പിറവം: പാമ്പാക്കുട നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന വിധവയ‌്ക്കും മക്കള്‍ക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. സ്മിത മക്കളായ നെവിന്‍, സ്മിജ, സ്മിന, സ്മിനു എന്നിവര്‍ക്കെതിരെയാണ‌് ആക്രമണമുണ്ടായത‌്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങി കിടന്ന ഇവരുടെ ദേഹത്ത് ജനലിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.
ശരീരത്തില്‍ വെള്ളം വീഴുന്നതായിതോന്നി ഇവര്‍ എഴുന്നേറ്റ് വീടിന് പുറത്തിറങ്ങി. പിന്നീട് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോഴാണ് ആസിഡ് ആണെന്ന് മനസ്സിലായത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് രാമമംഗലം പൊലീസും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി ഇവരെ പിറവം ഗവ. ആശുപത്രിയില്‍ എത്തിച്ച‌് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക‌് മാറ്റി.

ഇതില്‍ സ്മിനയുടെ കാഴ്ചയ്ക്ക് തകരാര്‍ ഉണ്ടായിട്ടുള്ളതായി മെഡിക്കല്‍കോളേജില്‍നിന്നെത്തിയ വിദഗ്ദ്ധ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പകല്‍ ഇവരുടെ വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും കട്ടിലിനും അജ്ഞാതര്‍ തീയിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാകണം ആസിഡ് ആക്രമണവും. രാമമംഗലം എസ്‌ഐ എബി എം പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പിറവം സെന്റ‌് ജോസഫ്സ് ഹൈസ്കൂളിലെ എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ കുടുംബത്തിന് നല്‍കാനുള്ള വീടിന്റെ നിര്‍മാണം നടന്നുവരികയാണ്.

