വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും: സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളില്‍ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ എട്ടുമുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കായി. 9941 പ്രൈമറി സ്കൂളുകള്‍കൂടി ഹൈടെക്കാകുകയാണ്. നാലുമാസത്തിനകം ഇത് സാധ്യമാകും. അതോടെ വിദ്യാഭ്യാസരംഗത്ത് ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറി സ്കൂളുകളില്‍ ഹൈടെക് ലാബ് സ്ഥാപിക്കാന്‍ കിഫ്ബിവഴി 292 കോടി രൂപയാണ് ചെലവഴിക്കുന്നത്.

55,806 ലാപ്ടോപ്പും യുഎസ്ബി സ്പീക്കറും 23,170 മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും സ്കൂളുകള്‍ക്ക് നല്‍കും. പദ്ധതിയുടെ ഭാഗമായി 82,000 അധ്യാപകര്‍ക്ക് ഐടി പരിശീലനം നല്കി. 8191 സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. ഐടി ഉപയോഗിച്ച് പഠിക്കാന്‍ കഴിയുന്ന കളിപ്പെട്ടി, ഈ വിദ്യ പാഠപുസ്തകങ്ങളും കുട്ടികള്‍ക്ക് നല്കി.

