KOYILANDY DIARY.COM

The Perfect News Portal

വിദ്യാഭ്യാസമേഖല സമ്പൂര്‍ണമായി കാവിവല്‍ക്കരിക്കന്‍ ആര്‍എസ്എസ്. മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി : വിദ്യാഭ്യാസമേഖല സമ്പൂര്‍ണമായി കാവിവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വസംഘടനാ നേതാക്കളുമായി  മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. പുതിയ വിദ്യാഭ്യാസനയം ചര്‍ച്ച ചെയ്ത യോഗത്തില്‍ വിദ്യാഭ്യാസമേഖലയില്‍ അടിമുടി മാറ്റം വേണമെന്നും ചരിത്രത്തില്‍ തങ്ങളുടെ പങ്ക് അടയാളപ്പെടുത്തണമെന്നുമാണ് ആര്‍എസ്എസ് ഉന്നയിച്ച പ്രധാന ആവശ്യം.

തീവ്രഹിന്ദുത്വ ദേശീയതയെ പ്രതിഷ്ഠിക്കുന്ന വിദ്യാഭ്യാസനയമാണ് ആഗ്രഹിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. ചരിത്രകാരന്മാരുടെ ഭാരതീയമല്ലാത്ത സിദ്ധാന്തങ്ങളും നിഗമനങ്ങളും ഒഴിവാക്കുക, മുസ്ളിംഭരണാധികാരികളുടെ പങ്കാളിത്തം കഴിവതും തമസ്കരിക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകരുതെന്നും ആവശ്യം ഉയര്‍ന്നു. സിലബസുകളില്‍ മാറ്റംവേണമെന്നും സംഘടനകള്‍ നിര്‍ദേശിച്ചു.

എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും തലപ്പത്ത് ആര്‍എസ്എസോ അനുബന്ധ സംഘടനകളോ ശുപാര്‍ശ ചെയ്യുന്നവരെ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, ചില ഹൈന്ദവസംഘടനകളുടെ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസനയത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ചില പ്രതിനിധികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. എല്ലാഭാഷകളിലും, പ്രത്യേകിച്ച് ഹിന്ദിയില്‍ വിദ്യാഭ്യാസനയത്തിന്റെ കരട് എത്രയും പെട്ടെന്ന് പുറത്തിറക്കാനും തീരുമാനമായി.

Advertisements

ആര്‍എസ്എസിനു പുറമെ വിദ്യാഭാരതി, എബിവിപി, രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍, സംസ്കൃത ഭാരതി, ശിക്ഷാ ബച്ചാവോ ആന്ദോളന്‍, ഇതിഹാസ് സങ്കലന്‍ യോജന തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായാണ് ഗുജറാത്ത് ഭവനില്‍ ആറുമണിക്കൂര്‍ ചര്‍ച്ച നടത്തിയത്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍സെക്രട്ടറി കൃഷ്ണഗോപാല്‍, ആര്‍എസ്എസ്– എബിവിപി സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ, സാമൂഹ്യക്ഷേമമന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മുന്‍ മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനിയുടെ നയങ്ങള്‍ അക്കാദമിക് സമൂഹത്തില്‍നിന്നുള്‍പ്പെടെ കടുത്തവിമര്‍ശനങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ്  ജാവ്ദേക്കറെ മന്ത്രിയാക്കിയത്. എന്നാല്‍, സ്മൃതി ഇറാനി നിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങാനാണ് ജാവ്ദേക്കറിന്റെ തീരുമാനമെന്ന് വ്യക്തമാക്കുന്നതാണ് വ്യാഴാഴ്ച നടന്ന ചര്‍ച്ച.

 

Share news