KOYILANDY DIARY.COM

The Perfect News Portal

വാണിമേല്‍ രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിനും സ്വകാര്യ ബസ്സിനും നേരെ അക്രമം.

വാണിമേല്‍: രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിനും സ്വകാര്യ ബസ്സിനും നേരെ അക്രമം. വാണിമേല്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട  ദുല്‍ഹാന്‍, വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ ബസ്സുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. അക്രമത്തിന്  പിന്നില്‍ സാമുഹികവിരുദ്ധരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിലങ്ങാട് കോഴിക്കോട് വടകര റൂട്ടിലോടുന്ന ദുല്‍ഹാന്‍ ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍  പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. നരിപ്പറ്റ എറോളിച്ചാലില്‍ അബ്ദുസ്സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്സ്. അനു സുഭാഷിന്റെ ചികിത്സക്കായി തിങ്കളാഴ്ച ഓടിയ ബസ്സ് അതിന് ശേഷമാണ് പെട്രോള്‍ പമ്പിന് മുന്‍വശത്ത് നിര്‍ത്തിയിട്ടത്. വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസിന്റെ ഒരു ഭാഗമാണ് തകര്‍ത്തത്. ബസ്സിന്റെ ഗ്ലാസുകള്‍ കല്ലുകള്‍ കൊണ്ട് എറിഞ്ഞുടച്ചതാണെന്ന് കരുതുന്നു. കഴിഞ്ഞദിവസം വാണിമേല്‍ വയല്‍പീടികയിലെ കട വരാന്തയിലെഇരിപ്പിടങ്ങള്‍ തകര്‍ത്ത് ഓവ് ചാലില്‍ തള്ളിയിരുന്നു. മൂന്ന് സംഭവങ്ങള്‍ക്ക് പിന്നിലും സാമൂഹികദ്രോഹികളാകാമെന്ന് നാട്ടുകാര്‍ പറയുന്നു. വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാണിമേലിലെ വിവിധഭാഗങ്ങളില്‍ രാത്രി സമയങ്ങളില്‍ സാമുഹികദ്രോഹികളുടെ വിളയാട്ടം പ്രശ്‌നം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍  പരാതിപ്പെടുന്നു. എന്നാല്‍ രാത്രികാല പരിശോധന നടത്താന്‍ പോലീസ് തയ്യാറാകാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്.

Share news