വരടി മൂലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി

മാനന്തവാടി: മാനന്തവാടി നഗരത്തില്‍നിന്നും രണ്ട് കിലോ മീറ്റര്‍ അകലെ വള്ളിയൂര്കാവിനടുത്ത വരടി മൂലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. ആറാട്ടുതറ എല്‍പി സ്കൂള്‍ റോഡരികിലാണ് മൂന്ന് കൊമ്പന്മാര് തമ്പടിച്ചത്. തിങ്കളാഴ്ച കാലത്ത് അഞ്ചരയോടെയാണ് വള്ളിയൂര്‍കാവ് -മാനന്തവാടി ബൈപാസ് റോഡിന് സമീപം ചെറ്റപ്പാലം വരടിമൂല കുന്നില്‍ മാനന്തവാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ എം ശ്രീധരന്റെ തോട്ടത്തില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതായി സമീപവാസികള്‍ കണ്ടത്. കാട്ടാനകൂട്ടം ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
വിവരമറിയിച്ചതിനെ തുടര്‍ന്ന് നോര്ത്ത്വയനാട് ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ കെ സി പ്രസാദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മരായ പി അനില്‍കുമാര്‍, കെ ബി ജോണ്സണ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഹമദ് സമദ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവസ്ഥലത്തെത്തി. ആളുകള്‍ ബഹളം വെച്ചതോടെ ആനകള്‍ വള്ളിയൂര്‍ക്കാവ് നെഹ്റുമെമ്മോറിയല്‍ യു പി സ്ക്കൂളിന്റ് സമീപത്ത് കൂടി താനിക്കല്‍ കണ്ണി വയലിലെത്തി സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ തമ്പടിച്ചു.ഇതിനിടെ കുട്ടത്തില്ആക്രമസക്താനായ കൊമ്പന് നിരവധി തവണ പ്രദേശവാസികള്‍ക്ക് നേരെ പാഞ്ഞടുക്കുകയും വനംവകുപ്പ് വാഹനം ആക്രമിക്കുകയും ചെയ്തു.

രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ രണ്ട് പേര്‍ക്ക് വീണ് പരിക്കേറ്റു. വള്ളിയൂര്‍കാവ് പള്ളിയാര്‍ക്കൊല്ലി പച്ചനാല്‍ മാര്‍ടിന്‍( ജോയി) മേട്ട്പുരയ്ക്കല് സ്റ്റീഫന്റെ മകന് സ്റ്റഫിന്, കാവും കുന്ന് കാവണ കോളനി ബിനു (23) വള്ളിയൂര്‍ക്കാവ് മതിത്താനിവീട് ഷിജോ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജസ്റ്റിന് ഒഴികെയുള്ളവരെ പ്രാഥമിക ശുശ്രുശ്രഷ നല്കിയ ശേഷം വിട്ടയച്ചു. കാല്‍മുട്ടിന് കാര്യമായ ക്ഷതം ഏറ്റ ജസ്റ്റിനെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രകൃയക്ക് വിധേയനാക്കി. നാട്ടുകാര്‍ക്ക് നേരെ ചിന്നംവിളിച്ച് പാഞ്ഞെടുത്ത കൊമ്ബന്റെ ആക്രമണത്തില്‍ കണ്ണി വയലില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബേവൂര്‍ റേഞ്ച് ഫോറസ്റ്റ് ജീപ്പ് തകര്‍ന്നു. ആനയുടെ കൊമ്ബ് കൊണ്ടുള്ള ആക്രമണത്തില്‍ ജീപ്പിന്റ് ഹെഡ് ലൈറ്റ്, ബമ്ബര്‍, ബോണറ്റ് എന്നിവക്ക് സാരമായി കേട് പാടുകള്‍ സംഭവിച്ചു.ജിപ്പിനുള്ളില്‍ ജീവനക്കാരില്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.കാവണ സഹദേവന്റെ വീടിന്റെ മതിലും പൈപ്പുകളും കാട്ടാനകള്‍ തകര്‍ത്തു.

തുടര്‍ന്ന് വരടി മൂലയില്‍നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ കണ്ണിവയലില്‍ കോഴിക്കോട് ജില്ല കലക്ടര്‍ യു വി ജോസിന്റെ തോട്ടത്തില്‍ കാട്ടാനക്കുട്ടം നിലയുറപ്പിച്ചു. ജനവാസ കേന്ദ്രത്തിനു സമീപവും തൊട്ടടുത്ത് വനം ഇല്ലാത്തതിനാലും പകല്‍ സമയത്ത് ആനകളെ തുരത്തുന്നത് ഏറെ അപകടം നിറഞ്ഞതുമായതിനാല്‍ രാത്രി വരെ വനപാലകര്‍ കാട്ടാനകളെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ വീണ്ടും പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്താനുള്ള ഉദ്യമം തുടരുകയാണ്. ആനകളെത്തി എന്ന് കരുതുന്ന കൂടല്‍ക്കടവ് വന ഭാഗത്തേക്ക് ആനകളെ തുരത്തി ഓടിക്കാനാണ് ശ്രമം നടക്കുന്നത്.

