KOYILANDY DIARY.COM

The Perfect News Portal

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ: പ്രകാശന്‍ തമ്പി

കൊച്ചി:  വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് യാതൊരു ദുരൂഹതയും തോന്നിയിട്ടില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശന്‍ തമ്പി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമ്പിയുടെ ഈ പ്രതികരണം. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.

ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോള്‍ ഒരു സഹോദരനെപ്പോലെ ഞാന്‍ കൂടെ നിന്നു. ചേട്ടനെ പോലെ കരുതിയ ഒരാള്‍ക്ക് അപകടം പറ്റിയപ്പോള്‍ കൂടെനില്‍ക്കുകയായിരുന്നു. അതില്‍ വലിയ തെറ്റുകാണുന്നില്ലെന്നും അതാണോ ഞാന്‍ ചെയ്ത തെറ്റെന്നും പ്രകാശന്‍ തമ്പി ചോദിക്കുന്നു.

അപകടമുണ്ടാകുമ്ബോള്‍ വാഹനം ഓടിച്ചിരുന്നത് തൃശൂര്‍ സ്വദേശിയായ അര്‍ജുന്‍ തന്നെയാണെന്നും തനിക്ക് സ്വര്‍ണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും തമ്ബി വ്യക്തമാക്കി.

Advertisements

ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടപ്പോള്‍ താനാണ് വാഹനമോടിച്ചതെന്ന് നിരവധി തവണ അര്‍ജുന്‍ പറഞ്ഞതായി കാക്കനാട് ജില്ലാ ജയിലില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ നേരത്തെ തന്നെ പ്രകാശന്‍ തമ്ബി വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ കഴിയുമ്ബോള്‍, അപകടത്തിന്റെ കാരണക്കാരനെന്ന് പറഞ്ഞ് അര്‍ജുന്‍ വിലപിച്ചിരുന്നു.

എന്തു പറ്റിയതാടാ എന്ന് അര്‍ജുന്റെ അമ്മ ചോദിച്ചപ്പോള്‍ ഉറങ്ങിപ്പോയതാണെന്ന് പറഞ്ഞു. ആ സമയം ആശുപത്രിയിലുണ്ടായിരുന്ന ഡോ. ലതയും ഇക്കാര്യം കേട്ടിട്ടുണ്ട്. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തലേ ദിവസമാണ് പോലീസുകാരോട് മൊഴി മാറ്റിപ്പറഞ്ഞത്. ഇതെന്തിനെന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. കഴിഞ്ഞ മൂന്നു മാസമായി അര്‍ജുനുമായി ഒരു ബന്ധവുമില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബാലഭാസ്‌കറിന് അപകടമുണ്ടാകുമ്ബോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. എന്നാല്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തുള്ളികളുടെയും മുടിയിഴകളുടെയും സ്റ്റിയറിംഗ് വീലിലെ വിരലയാളങ്ങളുടെയും ഫലം കൂടി പുറത്ത് വന്നിട്ട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍.

അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിനില്‍ക്കെ കേസിന്റെ ഫോറന്‍സിക് പരിശോധനാഫലം ഉടന്‍ ലഭ്യമാക്കണമെന്ന ക്രൈംബ്രാഞ്ച് അഭ്യര്‍ത്ഥന മാനിച്ച്‌ രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം നല്‍കാനുളള നടപടികള്‍ ഫോറന്‍സിക് ലാബിലും ആരംഭിച്ചിട്ടുണ്ട്.

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിലെ ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യം പരിഗണിച്ചാണ് ഈ നീക്കം. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും നന്ദു എന്ന ദൃക്‌സാക്ഷിയും പറയുന്നത് അര്‍ജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നാണ്.

എന്നാല്‍ മറ്റൊരു ദൃക്‌സാക്ഷിയായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അജി പറഞ്ഞത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും രഹസ്യമൊഴി എടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ഡി ആര്‍ ഐയില്‍നിന്ന് ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കും. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്ബിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ ട്രൂപ്പിലുണ്ടായിരുന്നത് പരിഗണിച്ചാണ് ക്രൈം ബ്രാഞ്ച് നീക്കം.

Share news

Leave a Reply

Your email address will not be published. Required fields are marked *