ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍.

കിളിമാനൂര്‍: സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റു ചോദിച്ച് കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. തിരുവനന്തപുരം എ ആര് ക്യാമ്പിലെ എഎസ്ഐ നെടുമ്പറമ്പ് സുജാതമന്ദിരത്തില്‍ സുഗുണന് (53) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 10നായിരുന്നു സംഭവം. പൊലീസ് യൂണിഫോമില്‍ വര്‍ക്കല എത്തിയ സുഗുണന് അവിടെനിന്ന് കല്ലമ്പലത്തേക്ക് വന്ന കാര്‍ കൈകാണിച്ച് നിര്‍ത്തി കയറുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന് കൈ കാണിച്ചതിനാല്‍ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ ഭയന്ന് കാര്‍ ഒതുക്കിയതാണെന്നും പറയുന്നു. കാറില്‍ കയറിയ സുഗുണന് കാര്‍ യാത്രികരായ സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു. ആദ്യം പ്രതികരിക്കാതിരുന്ന വനിതകള്‍ സുഗുണന് വാഹനത്തില്‍നിന്ന് ഇറങ്ങിയതിനുശേഷം പിങ്ക് പട്രോളിങ് സംഘവുമായി ബന്ധപ്പെട്ടു. പിങ്ക് പൊലീസിന്റെ നിര്‍ദേശപ്രകാരം കല്ലമ്ബലം പൊലീസില്‍ സ്ത്രീകള്‍ പരാതിപ്പെട്ടു. ഉടനടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സുഗുണനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

