ലിഗ കേസില്‍ വഴിത്തിരിവ്

തിരുവനന്തപുരം: ലിഗ കേസില്‍ വഴിത്തിരിവ്. ലിഗയെ കായല്‍മാര്‍ഗം കണ്ടല്‍കാട്ടിലേക്ക് കൂട്ടികൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ബോട്ടിംഗ് നടത്താനെന്ന് പറഞ്ഞ് ലിഗയെ കാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു എന്ന് കസ്റ്റഡിയിലുള്ളയാള്‍ സമ്മതിച്ചതായി പൊലീസ്. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാഫലം നാളെ ലഭിക്കും.
ലിഗയുടെ മരണവുമായിബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പൊലീസിന് കൃത്യമായതെളിവുകളോ മൊഴിയോ ലഭ്യമായിരുന്നില്ല. അതുകൊണ്ട്തന്നെ പൊലീസിന് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുവാനും കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ലിഗയെ ബോട്ട് യാത്രനടത്താനെന്ന വ്യാജേന കണ്ടല്‍കാട്ടിലേക്ക് കൊണ്ട്പോയി എന്ന കൃത്യമായ വിവരമാണ് ഇപ്പോള്‍ പൊലീസിന് ലഭ്യമായിരിക്കുന്നത്. കസ്റ്റഡിയിലുള്ള നാല് പേരില്‍ ഒരാളാണ് ലിഗയെ കാണാതായ മാര്‍ച്ച് 14ന് തന്നെ താന്‍ ബോട്ട് മാര്‍ഗം പനത്തുറയിലെ കാട്ടിലേക്ക് ലിഗയെ കൊണ്ട്പോയെന്ന് മൊഴിനല്കിയിരിക്കുന്നത്.

ഇതോടെ പൊലീസിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാകും.അന്നേദിവസം ബോട്ടിംഗിന് പറ്റിയ സ്ഥലം അവശ്യപ്പെട്ട് ലിഗ തന്നെ സമീപിച്ചെന്നും തുടര്‍ന്ന് െഫബര്‍ ബോട്ടില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ട് പോകുകയും അവിടെ വച്ച് മറ്റുള്ളമൂന്ന് പേരെ ക്കൂടി വിളിച്ചുവരുത്തി ലിഗക്കു മയക്കുമരുന്നു നല്‍കിയെന്നുമാണ് ഇയ്യാള് സമ്മതിച്ചിരിക്കുന്നത്.

തുടര്‍ന്ന് ഏറെനേരം ഇവിടെ ചിലവഴിച്ച ഇവര്‍ ലിഗയുമായി വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊലപാതകം നടത്തിയെന്നും ഇയ്യാള് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. ഈ വിവരം പുറത്ത് വന്നതോടെ ലിഗാക്കേസിന് വലിയ വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്.
അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം നാളെ ലഭിക്കും. പരിശോധനാ ഫലം വരുന്നതോടെ ലിഗ ബലാല്‍സംഗംചെയ്യപ്പെട്ടിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമാകും
