രണ്ടു വയസ്സുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുരുങ്ങി

തിരുവനന്തപുരം: കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുരുങ്ങിയത് അരമണിക്കൂര്‍. നാട്ടുകാരും വീട്ടുകാരും പരിശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിയാതിരുന്ന കുട്ടിയുടെ തല പുറത്തെടുത്തത് അഗ്നി ശമന സേന എത്തി. കൊഞ്ചിറവിളയിലാണ് സംഭവം.
കൊഞ്ചിറവിള വിനായകയില്‍ സന്ധ്യയുടെ മകന്‍ ഫെന്നിയുടെ തലയാണു കമ്പികള്‍ക്കിടയില്‍ കുടുങ്ങിയത്. രാവിലെ പത്തോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല കുരുങ്ങുകയായിരുന്നു. പുറത്തേക്ക് എടുക്കാന്‍ നോക്കിയിട്ടും സാധിക്കാതെ വന്നതോടെ കുട്ടി പേടിച്ചു നിലവിളിച്ചു. ഇതു കേട്ടെത്തിയ അമ്മ സന്ധ്യ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

സന്ധ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഇവരില്‍ ചിലരും കുട്ടിയെ രക്ഷിക്കാന്‍ പരിശ്രമിച്ചു. നടക്കാതെ വന്നതോടെ ചെങ്കല്‍ചൂള അഗ്‌നിശമനസേനാ ഓഫിസില്‍ വിവരം അറിയിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു കമ്ബി മുറിച്ചു മാറ്റിയാണു കുട്ടിയെ രക്ഷിച്ചത്. അരമണിക്കൂറിലധികമാണു കുട്ടിയുടെ തല കുരുങ്ങിയത്.

