യുവതിയെയും ഏഴാം ക്ലാസ്സുകാരിയായ മകളെയും ഭര്‍തൃവീട്ടുകാര്‍ കയ്യേറ്റം ചെയ്തു

ആലപ്പുഴ: പാണാവള്ളിയില്‍ ഭര്‍ത്താവ് മരിച്ച യുവതിയെയും ഏഴാംക്ലാസ്സുകാരിയായ മകളെയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കയ്യേറ്റം ചെയ്തു. ഭര്‍ത്താവ് മരിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്നാവശ്യപ്പെട്ടാണ് തന്നെയും മക്കളെയും ഉപദ്രവിക്കുന്നതെന്നാണ് യുവതിയുടെ പരാതി. ഇരുവരെയും ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ഭര്‍ത്താവിന്റെ അമ്മയും സഹോദരനും പിടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ശ്രീകലയുടെ ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ചേര്‍ത്തല പാണാവള്ളി ഓടംമ്ബള്ളിയിലെ ഭര്‍ത്താവിന്റെ കുടുംബവീട്ടിലാണ് ശ്രീകലയും രണ്ട് പെണ്‍കുട്ടികളും ഇപ്പോള്‍ താമസിക്കുന്നത്. നാല് മാസം മുമ്ബ് ശ്രീകലയുടെ ഭര്‍ത്താവ് രജിത്ത് കുമാര്‍ മരിച്ചു. അതിന് ശേഷം അഞ്ചുവര്‍ഷമായി രജിത്തും കുടുംബവും താമസിച്ച് വരുന്ന വീട്ടില്‍ നിന്നും ശ്രീകലയെയും കുട്ടികളെയും കുടുംബവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

രജിത്തും ശ്രീകലയും താമസിച്ച വീടും സ്ഥലവും നേരത്തെ തന്നെ പൊലീസുദ്യോഗസ്ഥയായ സഹോദരിക്ക് എഴുതിക്കൊടുത്തിരുന്നു. ശ്രീകലയും മക്കളും അഞ്ചുമാസമായി കുടുംബവീട്ടില്‍ താമസിച്ച് വരുന്നതിനിടെ വീട്ടില്‍ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവിന്റെ സഹോദരനും ഇവരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി..

ശ്രീകലയുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരന് രതീഷ് കുമാറിനെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രതീഷ് തന്നെ മര്‍ദ്ദിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും ആ സമയം രതീഷ് മദ്യലഹരിയിലായിരുന്നെന്നും ശ്രീകല പറയുന്നു. ഒരു മാസം മുമ്ബ് ശ്രീകലയുടെ മകളെ കത്തിയുപയോഗിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കേസ് നിലവിലുണ്ട്. വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ രണ്ട് പെണ്‍കുട്ടികളെയും കൊണ്ട് തങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ലെന്നാണ് ശ്രീകല പറയുന്നത്.

