മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി

പാലക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊച്ചി നഗരത്തിന് വേഗത നല്കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി. ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ വാളയാറിലെത്തിയ കോച്ച് കയറ്റിയ ട്രെയിലറുകള്‍ രാത്രിയോടെ കൊച്ചിയിലേക്ക് യാത്രയായി.
നിശ്ചയിച്ചതിലും മൂന്നു ദിവസം മുമ്പാണ് കോച്ചുകള്‍ സംസ്ഥാന അതിര്‍ത്തിയിലെത്തിയത്.
ആന്ധ്രയില്‍ നിന്ന് റോഡ് മാര്‍ഗം വലിയ ട്രെയിലറുകളിലാണ് മൂന്നു കോച്ചുകള്‍ കൊച്ചിയിലെത്തിക്കുന്നത്. വലിയ വാഹനമായതിനാല്‍ പകല്‍ യാത്ര ഒഴിവാക്കി രാത്രിയിലാണ് സഞ്ചാരം. ഡ്രൈവറുടെ കാബിന് ഉള്‍പ്പെടെയുള്ള മൂന്നു കോച്ചുകളാണുള്ളത്. കോച്ചുകള്‍ ഇന്ന് മെട്രോയുടെ മുട്ടം യാര്‍ഡിലെത്തും. 66 മീറ്റര്‍ നീളമുള്ള കോച്ചിന് 2.99 മീറ്റര്‍ വീതിയുണ്ട്. 8.3 കോടി രൂപയാണ് ഇതിന്റെ ചെലവ്.

