KOYILANDY DIARY.COM

The Perfect News Portal

മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ജന്മസിദ്ധമായ കമ്യൂണിസ്റ്റ് വിരോധത്തിൽനിന്ന്‌

കോഴിക്കോട് > സിപിഐ എം കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല പി ജയരാജനെ ഏല്‍പ്പിച്ചത് വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ സംഘടിപ്പിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ജന്മസിദ്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പുളിച്ചുതികട്ടലാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് വ്യക്തമാക്കി.
അപഹാസ്യമായ അസംബന്ധം വിളമ്പുകയാണ് മുല്ലപ്പള്ളി. ആര്‍എസ്എസുമായി യുഡിഎഫുണ്ടാക്കിയ രഹസ്യധാരണ പുറത്തായ സാഹചര്യത്തിലുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ അസ്വാഭാവികതയില്ല. ആര്‍എസ്എസ് താല്‍പര്യവും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ സമ്മര്‍ദവുമനുസരിച്ചാണ് കതിരൂര്‍ മനോജ് വധക്കേസില്‍ മന്ത്രി രമേശ് ചെന്നിത്തല യുഎപിഎ ചുമത്തിയതും സിബിഐ പി ജയരാജനെ പ്രതിയാക്കിയതും.
പഴയ ചെറുപയര്‍ പട്ടാളത്തിന്റെ കമ്യൂണിസ്റ്റ് വിരോധം മനസ്സില്‍ ഇന്നും കൊണ്ടുനടക്കുന്ന മുല്ലപ്പള്ളി മുസ്ളിംലീഗ് ക്രിമിനലുകളെകുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. കോണ്‍ഗ്രസുകാരെ ലീഗുകാര്‍ ആക്രമിച്ചാല്‍ മൌനംപാലിക്കുന്ന മുല്ലപ്പള്ളി സിപിഐ എമ്മിനെതിരെ പ്രസ്താവനയിറക്കി ആരെയാണ് സന്തോഷിപ്പിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും.
നരിക്കാട്ടേരി ബോംബ് സ്ഫോടനം തൊട്ട് നാദാപുരം കുറ്റ്യാടി മേഖലകളില്‍ നിരവധി അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം പോലും അവസാനിപ്പിച്ചത് ലീഗ് ഉന്നതര്‍ക്കുള്ള പങ്ക് കണ്ടെത്തിയതോടെയാണ്. അടുത്തിടെ നാദാപുരം കുറ്റ്യാടി മേഖലകളില്‍ നടന്ന പല അക്രമസംഭവങ്ങളിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിയാതിരുന്നതും ഉന്നത ഇടപെടല്‍ മൂലമാണ്. വര്‍ഗീയ ക്രിമിനല്‍ ശക്തികളെ കൂട്ടുപിടിച്ച് അവരുടെ അക്രമങ്ങള്‍ക്ക് ഒത്താശചെയ്തുകൊടുക്കുന്ന മുല്ലപ്പള്ളിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം ജനങ്ങളും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരിച്ചറിയുന്നതായും ജില്ലാസെക്രട്ടറിയറ്റ്  പ്രസ്താവനയില്‍ പറഞ്ഞു.

Share news