മുഖ്യമന്ത്രി പിണറായി വിജയന് ശബരിമലയിലെത്തി

ശബരിമല: തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സന്നിധാനത്തും പമ്പയിലും നടക്കുന്ന വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന് ശബരിമലയിലെത്തി. ആദ്യമായി ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് വഴിയില്‍ ഒരിടത്തും വിശ്രമിക്കാതെ 4 കിലോമീറ്ററോളം വരുന്ന മലകയറ്റം ഒന്നര മണിക്കൂറെടുത്ത് നടന്നു കയറുകയായിരുന്നു.
രാത്രി എട്ടരയോടെ ഡല്‍ഹിയില്‍ നിന്നും നേരെ പമ്പയിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് സ്വീകരിച്ചു. 15 മിനിറ്റ് നേരത്തെ വിശ്രമത്തിന് ശേഷം സന്നിധാനത്തേക്ക് യാത്ര പുറപ്പെട്ടു. സ്വാമി അയ്യപ്പന് റോഡു വഴിയുള്ള യാത്രയില്‍ വിശ്രമിക്കാന്‍ പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും വേണ്ട എന്നായിരുന്നു പിണറായിയുടെ മറുപടി.

മല കയറ്റത്തിന്റെ ഓരോ ഘട്ടവും ചോദിച്ചും കണ്ടും മനസിലാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. രാത്രി 10.30ന് സന്നിധാനത്ത് എത്തി. മന്ത്രിമാരായ മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന് എന്നിവര്‍ മുമ്ബേ സന്നിധാനത്ത് എത്തിയിരുന്നു.ഒടുവില്‍ ഒന്നര മണിക്കൂറു നേരത്തെ യാത്രയ്ക്ക് ശേഷം സന്നിധാനത്തെത്തിയപ്പോള്‍ മലകയറ്റം നല്ല അനുഭവമായിരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന സഹകരണ നിക്ഷേപ ഗാരന്റി വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വൈസ് ചെയര്മാന് എ പത്മകുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് മോഹനന് എന്നിവരും ഉണ്ടായിരുന്നു.

