KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം. രാവിലെ കല്‍പ്പറ്റ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വയനാട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ പരിപാടി. പ്രതിസന്ധികള്‍ നിറഞ്ഞ ഭരണകാലത്തും സ്വന്തം ജനതയെ ചേര്‍ത്ത് നിര്‍ത്തിയ ജനനായകന് ആവേശോജ്വലമായ വരവേല്‍പ് നല്‍കാന്‍ വയനാട് ഒരുങ്ങിക്ക‍ഴിഞ്ഞു. തുടര്‍ഭരണത്തിന് വയനാട് വ‍ഴിമരുന്നിടും.മാനന്തവാടിയിലാണ്‌ ആദ്യപരിപാടി. രാവിലെ 9.30ന്‌ വാര്‍ത്താസമ്മേളനം. 10.30ന്‌ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ്‌ പൊതുയോഗം. ഇവിടെ നിന്ന്‌ ബത്തേരിക്ക്‌ പോകും. 11.30ന്‌ ചുള്ളിയോട്‌ റോഡിലെ ഗാന്ധി ജങ്ഷനിലെ പൊതുയോഗത്തില്‍ സംസാരിക്കും. പകല്‍ മൂന്നിന്‌ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്താണ്‌ കല്‍പ്പറ്റയിലെ തെരഞ്ഞെടുപ്പ്‌ പൊതുയോഗം.

പ്രചാരണത്തില്‍ എല്‍ഡിഎഫ്‌ ബഹുദൂരം മുന്നിലാണ്‌. മുഖ്യമന്ത്രിയുടെ വരവോടെ ആവേശമേറും. ഒന്നരമാസം മുമ്ബാണ്‌ മുഖ്യമന്ത്രി ജില്ലയിലെത്തി വയനാട്‌ പാക്കേജ്‌ പ്രഖ്യാപിച്ചത്‌. പ്രഖ്യാപനത്തിനൊപ്പംതന്നെ പദ്ധതികള്‍ നടപ്പാക്കാനുമാരംഭിച്ചു. ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. ജില്ലയുടെ സമഗ്രവികസനത്തിന്‌ ഏഴായിരം കോടിയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചത്‌. സ്ഥാനാര്‍ഥികളായ ഒ ആര്‍ കേളു(മാനന്തവാടി), എം എസ്‌ വിശ്വനാഥന്‍(ബത്തേരി), എം വി ശ്രേയാംസ്‌കുമാര്‍(കല്‍പ്പറ്റ) എന്നിവര്‍ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്‌. വലിയ സ്വീകാര്യതയാണ്‌ എല്ലായിടത്തും‌ ലഭിക്കുന്നത്‌. മുഖ്യമന്ത്രിയുടെ വരവോടെ ആത്മവിശ്വാസമേറും. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വികസന തുടര്‍ച്ചയ്‌ക്കാണ്‌ വോട്ട്‌ തേടുന്നത്‌. അഭ്യര്‍ഥിക്കാതെതന്നെ വോട്ട്‌ എല്‍ഡിഎഫിനാണെന്ന മറുപടിയാണെല്ലാവരും നല്‍കുന്നത്‌. അഞ്ചുകൊല്ലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസനമെത്താത്ത ഒരിടവുമില്ല. ഭരണത്തുടര്‍ച്ച നാട്‌ ആഗ്രഹിക്കുകയാണ്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *