മാനസികവെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്ക് തുണയായി ജനമൈത്രി പോലീസ്

വടകര: ജനമൈത്രി പോലീസിന്റെ വീടുസന്ദര്‍ശനത്തിനിടെ തിരുവള്ളൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ക്ക് പുതുജീവിതം. മാനസികവെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയാണ് ജനമൈത്രി പോലീസ് ഇടപെട്ട് ചികിത്സ ലഭ്യമാക്കിയതും പുനരധിവാസത്തിന് വഴിയൊരുക്കിയതും. വെള്ളിയാഴ്ച രണ്ടുപേരെയും കോഴിക്കോട്ടേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.
ഇതിനുശേഷം എടച്ചേരി തണലില്‍ പുനരധിവസിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. വടകര സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ പി.ടി. സജിത്തും ഷിനിയും ചേര്‍ന്ന് സ്റ്റേഷന് പരിധിയിലെ എല്ലാ വീടുകളുംകയറി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിനിടെയാണ് തിരുവള്ളൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ ഒരു വീട്ടില്‍ അതീവ ശോചനീയാവസ്ഥയില്‍ കഴിയുന്ന സഹോദരങ്ങളായ ചാത്തുക്കുട്ടിയെയും ലക്ഷ്മിയെയും കണ്ടത്. മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും ചികിത്സ ഉണ്ടായിരുന്നില്ല.

ഇവര്‍ താമസിച്ചിരുന്ന സ്ഥലമാകട്ടെ വൃത്തിഹീനവുമായിരുന്നു. പരിസരവാസികളോട് അന്വേഷിച്ചപ്പോള്‍ പരിചരണത്തിന് അടുത്ത ബന്ധുക്കളാരും ഇല്ലെന്ന് വ്യക്തമായി. ഭക്ഷണം നാട്ടുകാരാണ് പലപ്പോഴും നല്‍കിയിരുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച് പുനരധിവാസത്തിന് സാധ്യത തേടി. തുടര്‍ന്നാണ് എടച്ചേരി തണലുമായി ബന്ധപ്പെട്ടത്. തണല്‍ വൊളന്റിയര്‍മാര്‍ വീട്ടിലെത്തിയെങ്കിലും മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ ആദ്യം വേണ്ടത് ചികിത്സയാണെന്ന് ഇവര്‍ നിര്‍ദേശിച്ചു.

വെള്ളിയാഴ്ച പോലീസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് വിളിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് രണ്ടുപേരെയും കോഴിക്കോട്ടേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയത്.
