മറുനാടന്‍ വിദ്യാര്‍ഥികളെ കേരളത്തിലേക്ക‌് ആകര്‍ഷിക്കും: മന്ത്രി കെ ടി ജലീല്‍

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ കേരളത്തിലെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പ്രചാരണം സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍. ഇന്ത്യയിലെ മറ്റേത് സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനേക്കാള്‍ സുരക്ഷ കേരളത്തിന് നല്‍കാനാകുമെന്ന മുദ്രാവാക്യമുയര്‍ത്തിയാകും പ്രചാരണം. എറണാകുളം മഹാരാജാസ് കോളേജ് ധനതത്വശാസ്ത്ര വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അടുത്തവര്‍ഷംമുതല്‍ ഓരോ സര്‍വകലാശാലയ്ക്കുകീഴിലും വിദേശരാജ്യങ്ങളില്‍നിന്ന‌് 100 വിദ്യാര്‍ഥികളെ പഠിപ്പിക്കാനാണ് തീരുമാനം. ഇതോടെ പുറംരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്ന അതേ ആത്മവിശ്വാസവും ഭാഷാപരിജ്ഞാനവും കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകും. ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയുണ്ടാകില്ലെന്നത‌് മുന്‍നിര്‍ത്തിയാണ‌് പ്രചാരണം സംഘടിപ്പിക്കുക.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. 55,000 സീറ്റുകളുള്ള എന്‍ജിനിയറിങ് കോഴ്സിലേക്ക് സീറ്റുകളുടെ എണ്ണത്തിന്റെ പകുതി അപേക്ഷകര്‍മാത്രമാണുണ്ടാകുന്നത്. 12 എന്‍ജിനിയറിങ് കോളേജുള്ള കാലത്താണ് പ്രവേശനത്തിനായി എന്‍ട്രന്‍സ് പരീക്ഷാസമ്ബ്രദായം ഏര്‍പ്പെടുത്തിയത്. ഇന്നിപ്പോള്‍ ആകെ സീറ്റിന്റെ പകുതിയും ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്ത് പ്രസക്തിയാണ് എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ച് പുനരാലോചന നടത്തേണ്ടിവരും. കേരളത്തിലെ ഏത് സര്‍വകലാശാലയില്‍ പഠിച്ചാലും തുല്യ അവസരമാണ‌്. എന്നാല്‍, ഒരു സര്‍വകലാശാലയില്‍നിന്ന് മറ്റൊരു സര്‍വകലാശാലയിലേക്ക‌് എത്തുമ്ബോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതി മാറ്റും. ഗവ. കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടുതന്നെ എറണാകുളം മഹാരാജാസ് കോളേജിലെ നിലവിലുള്ള സെല്‍ഫ് ഫിനാന്‍സിങ് കോഴ്സുകള്‍ എയ്ഡഡാക്കി മാറ്റാന്‍ ശ്രമം നടത്തും. ഗവ. കോളേജുകളെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായി. കോളേജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. പി കെ രവീന്ദ്രന്‍, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ എന്‍ കൃഷ്ണകുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍ എ റജീന ബീവി, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ‌് അംഗം ഡോ. എം എസ് മുരളി, ഗവേണിങ് കൗണ്‍സില്‍ മെമ്ബര്‍ ഷജീല ബീവി, ധനതത്വശാസ്ത്രവിഭാഗം മേധാവി സന്തോഷ് ടി വര്‍ഗീസ്, പിടിഎ വൈസ് പ്രസിഡന്റ‌് സുനില്‍ ടി വര്‍ഗീസ്, ഡോ. ഇന്ദു വെല്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

