മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയെ അയക്കുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി നിര്‍ഭാഗ്യകരമാണ്. കേന്ദ്രസര്‍ക്കാര്‍ നിലപാട്ദുരൂഹമാണെന്നും പിണറായി പറഞ്ഞു.
നാടിന്‍റെ ആശങ്കാ കാരണമാണ് പ്രതിനിധിയെ അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ പത്തു ശതമാനത്തോളം പേര്‍ പ്രവാസികളാണ്. അതില്‍ നല്ലൊരു പങ്ക് ജീവിക്കുന്ന രാജ്യമാണ് സൗദി. പ്രശ്നത്തില്‍ അവിടുത്തെ അധികൃതര്‍ കാണിച്ച താല്‍പര്യത്തിന് നന്ദിയുണ്ട്. എന്നാല്‍ ഇവിടെയുള്ള പ്രവാസി കുടുംബങ്ങള്‍ അത്യധികം ആശങ്കയിലും ഉത്കണ്ഠയിലമാണ്. അതിനാലാണ് ഒരു മധ്യസ്ഥന്‍ ആവശ്യമാണെന്ന് വച്ചത്. കന്പനിയുമായി നിയമനടപടികള്‍ തുടങ്ങേണ്ടതുണ്ട്. അതിന് ചില സഹായങ്ങള്‍ ഇരയായവര്‍ക്ക് നല്‍കേണ്ടതുണ്ട്. അതിനു വേണ്ടി കൂടിയാണ് ഒരു മന്ത്രി അവിടെ പോകണമെന്ന തീരുമാനിച്ചത്. എന്നാല്‍ കേന്ദ്ര നിലപാട് നിര്‍ഭാഗ്യകരമാണ്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. എന്തുകൊണ്ടാണ് കേന്ദ്രം അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യമല്ലാതെ വേറൊന്നും അതില്‍ കാണാന്‍ കഴിയുന്നില്ല. കേന്ദ്രം ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന പരാതിയും നമ്മുക്കില്ല. എന്നാല്‍ കേരളത്തിലെ പ്രവാസികളുടെ ഉത്കണ്ഠ ശമിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി അവിടെയെത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തുനിന്നുള്ള മന്ത്രിയെ തടഞ്ഞത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. അതുകൊണ്ട് എന്തെങ്കിലും രാഷ്ട്രീയ നേട്ടം അവര്‍ക്ക് ലഭിക്കുമെന്ന് കരുതുന്നില്ല.

കേരളത്തില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനം കത്തിയമര്‍ന്നപ്പോള്‍ ദുബായ് സര്‍ക്കാരും അധികൃതരും അതീവ ജാഗ്രതയാണ് കാണിച്ചത്. അതില്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു സ്വദേശി മരിക്കാനിടയായി. അദ്ദേഹത്തിന്‍റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

