മദ്യഷാപ്പിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം ശക്തം

കൊയിലാണ്ടി: കൺസ്യൂമർ ഫെഡിന്റെ കൊയിലാണ്ടിയിലെ മദ്യഷാപ്പ് റെയിൽവെ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ ശക്തമായ സമരത്തിനൊരുങ്ങുന്നു. തിങ്ങിപ്പാർക്കുന്ന ജനവാസകേന്ദ്രമായ കൊയിലാണ്ടി മജിസ്ട്രേട്ടിന്റെ ബംഗ്ലാവിനടുത്തുളള സ്വകാര്യ കെട്ടിടത്തിലേക്കാണ് കൺസ്യൂമർഫെഡിന്റെ കീഴിലുള്ള
മദ്യഷാപ്പ് കൊണ്ടുവരാനുളള ശ്രമം നടക്കുന്നത്. കൂടാതെ കൊയിലാണ്ടി കൃഷിഭവൻ, മത്സ്യഭവൻ, NSS സ്ക്കൂൾ, ഐ.എം.എ ഹാൾ എന്നിവയും ഇതിനടുത്താണ് പ്രവർത്തിക്കുന്നത്.
ഇവിടെ മദ്യശാല വന്നാൽ പ്രദേശത്തിന്റെ ശാന്തമായ അന്തരീക്ഷം എന്നന്നേക്കുമായി ഇല്ലാതാകും. നൂറുകണക്കിന് സ്ത്രീകളും, സ്കൂൾ വിദ്യാർത്ഥിനികളും ഇതുവഴിയാണ് കാൽനടയായി സഞ്ചരിക്കുന്നത്. വീതികുറഞ്ഞ റോഡായതിനാലും കെട്ടിടത്തിന് മതിയായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാലും ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാകുമെന്ന് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും, മറ്റ് സംഘടനകളും പറയുന്നു. കെ. ടി. ഡി. സി. ബിയർപാർലറും ഇവിടെത്തന്നെയാണ് പ്രവർത്തിക്കുന്നത്.

നാട്ടുകാരുടെ നേതൃത്വത്തിൽ ഇതിനകംതന്നെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളെ സഹകരിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. മദ്യഷോപ്പിനെതിരെ സമന്വയ റസിഡന്റ്സ് അസോസിയേഷന്റെ ഫ്ളക്സ് ബോർഡ് ഇതിനകം വന്നുകഴിഞ്ഞു. ജനകീയ കമ്മിറ്റികളും വരുദിവസങ്ങളിൽ സൂചനാ സമരവുമായി രംഗത്ത് വരുമെന്നാണ് മനസിലാക്കുന്നത്. മദ്യശാലക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അധികാരികൾ കൊയിലാണ്ടി നഗരസഭയ്ക്ക് അതീവ രഹസ്യമായി അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് മനസ്സിലാക്കിയ നാട്ടുകാർ വരും ദിവസങ്ങളിൽ നഗരസഭാധികൃതർക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിവേദനം നൽകാൻ തയ്യാറെടുത്തിരിക്കുകയാണ്.

മുഴുവൻ ജനപ്രതിനിധികളുും, രാഷ്ട്രീയ പാർട്ടികളും, മറ്റു സംഘടനകളും തങ്ങളോടൊപ്പം നിൽക്കണമെന്നും ഈ സഹന സമരത്തിൽ അണിനിരക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സുപ്രിം കോടതി ഉത്തരവ് പ്രകാരം നേഷണൽ ഹൈവെയിൽ നിന്നും, സംസ്ഥാന പാതയിൽ നിന്നും 500 മീറ്റർ ദൂരത്തിനുള്ളിൽ മദ്യശാല പാടില്ലെന്ന തീരുമാനമാണ് മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ ഇടയാക്കിയത്.

