KOYILANDY DIARY.COM

The Perfect News Portal

മദ്യനയത്തിന്റെ പേരില്‍ ആശങ്ക സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി മൊയ്തീന്‍

കോഴിക്കോട് > മദ്യനയത്തിന്റെ പേരില്‍ ആശങ്ക സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖല നേരിടുന്ന പ്രയാസങ്ങളിലൊന്ന് നിലവിലെ മദ്യനയമാണെന്ന ടൂറിസംവകുപ്പിന്റെ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. മദ്യനയം രൂപീകരിക്കേണ്ടത് എല്‍ഡിഎഫ് ആണ്. വിഷയം ചര്‍ച്ചയ്ക്ക് വരുമ്ബോഴാണ് അതേക്കുറിച്ച്‌ അഭിപ്രായം പറയുക. ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ ടൂറിസം വകുപ്പ് ഏജന്‍സിയെ വച്ചാണ് പഠനറിപ്പോര്‍ട്ട് ഉണ്ടാക്കിയത്. ടൂറിസം മേഖലയില്‍ കനത്ത മത്സരമാണ് നടക്കുന്നത്.

മദ്യനയവും മാലിന്യപ്രശ്നവും ടൂറിസംമേഖലയില്‍ സംസ്ഥാനത്തെ പിന്നോട്ടടുപ്പിച്ചിട്ടുണ്ട്. വലിയ കോണ്‍ഫറന്‍സുകളും മറ്റു പരിപാടികളും സംസ്ഥാനത്തിന് പുറത്തേക്ക് പോവുകയാണ്. മദ്യനയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും താന്‍ പങ്കെടുത്തിട്ടില്ല. മദ്യനയത്തില്‍ യുഡിഎഫില്‍ ഏകീകൃതമായ നയമുണ്ടായിരുന്നില്ല. സുധീരന്റെ മദ്യനയത്തിന്റെ ഭാഗമായി, കൈക്കൂലി ലഭിക്കാതിരുന്ന ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുകയായിരുന്നു.
കണ്‍സ്യൂമര്‍ ഫെഡിന്റെ നഷ്ടം 10,000 കോടി രൂപയിലധികമാണ്.

അഴിമതിയും കെടുകാര്യസ്ഥതയും മൂലം സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍ ചീഞ്ഞുനശിക്കുന്ന അവസ്ഥയാണ്. 500 രൂപപോലും വരുമാനമില്ലാത്ത നന്മ സ്റ്റോറുകള്‍ ഉണ്ട്. ഇവിടെ ശമ്ബളത്തിനുമാത്രം 20,000 രൂപയിലധിമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. ഇവ ഏറ്റെടുക്കാന്‍ തയ്യാറായി തദ്ദേശസ്ഥാപനങ്ങളും ബാങ്കുകളും മുന്നോട്ടുവന്നാല്‍ അക്കാര്യം പരിഗണിക്കും -മന്ത്രി പറഞ്ഞു.

Advertisements
Share news