മണ്ണിടിച്ചില്‍ ഉണ്ടായ കുറ്റ്യാടി ചുരത്തില്‍ അപകടം പതിയിരിക്കുന്നു

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായ കുറ്റ്യാടി ചുരത്തില്‍ അപകടം പതിയിരിക്കുന്നു. റോഡിലൂടെ താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും ചുരത്തിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാനോ അപകട സൂചന ബോഡുകള്‍ സ്ഥാപിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിച്ചിരുന്നുവെങ്കിലും അതും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
കുറ്റ്യാടി ചുരത്തില്‍ കഴിഞ്ഞമാസം ഉണ്ടായ മണ്ണിടിച്ചലിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ചുരം റോഡിന് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ദുരനന്തനിവാരണ സേനയും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് അന്ന് ഗതാഗതം പുനസ്ഥാപിച്ചത്. ഏറെ അപകടാവസ്ഥയിലായ പത്താം വളവില്‍ ഗതാഗത നിയന്ത്രണത്തിനായി റോഡരികില്‍ മരങ്ങളും കമ്ബുകളും വച്ചായിരുന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വാഹനം കടത്തിവിട്ടിരുന്നത്. എന്നാല്‍ ഒരുമാസം പിന്നിടുമ്ബോഴും ഇവിടെ അപകട സാധ്യതാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പിഡബ്ല്യുഡിയോ ചുരത്തിന്റെ ചുമതലയുള്ള കെഎസ്ടിപിയോ തയ്യാറായിട്ടില്ല. ഇതോടെ രാത്രികാലങ്ങളില്‍ ചുരം ഇറങ്ങിവരുന്ന ചരക്ക് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.

മലവെള്ളപ്പാച്ചിലില്‍ അഴുക്കുചാലില്‍ വീണ മണ്ണ് നീക്കം ചെയ്യണം എന്ന മന്ത്രിമാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിഡബ്ലുഡി പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും കാരാറുകാരന് റോഡിലേക്ക് ചെളി കോരിയിടുകയയായിരുന്നു. എന്നാല്‍ മഴയില്‍ വീണ്ടും മണ്ണ് ചാലിലേക്ക് ഒലിച്ചിറങ്ങിയതോടെ പൂര്‍വ്വസ്ഥിതിയിലായി.

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിലയ്ക്കുമ്ബോള്‍ ഈ ചുരത്തെയാണ് വാഹനങ്ങള്‍ ആശ്രയിക്കുന്നത്. എന്നാല്‍ വയനാട്ടിലേക്കുള്ള പ്രധാനപാതയായ ഈ റോഡിനോട് അധികാരികളുടെ അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

