ഭിന്നശേഷിക്കാര്‍ക്ക് ചേക്കേറാന്‍ തലസ്ഥാനത്ത് വിസ്മയക്കൂടൊരുങ്ങുന്നു

തിരുവനന്തപുരം: താമസിക്കാനിടമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചേക്കേറാന്‍ തലസ്ഥാനത്ത് വിസ്മയക്കൂടൊരുങ്ങുന്നു. മാന്ത്രികന് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാദമിയാണ് കഴക്കൂട്ടം ചന്തവിളയില്‍ ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന പേരില്‍ പുനരധിവാസ കേന്ദ്രത്തിന് തുടക്കം കുറിക്കുന്നത്. സ്വന്തമായി വീടില്ലാത്ത ഭിന്നശേഷിക്കാര്‍, തെരുവുകലാകാരന്മാര്, സര്‍ക്കസ് കലാകാരന്മാര് എന്നിവര്‍ക്ക് സൗജന്യമായി വീടുകള്‍ നല്കുന്ന ആര്‍ട്ടിസ്റ്റ് വില്ലേജ് പദ്ധതി അവസാനവട്ട ഒരുക്കത്തിലാണ്.
4 ബ്ലോക്കുകളിലായി 16 വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്ദ്രജാല രംഗത്തെ മഹാരഥന്മാരുടെ സ്മരണാര്‍ത്ഥം ബ്ലാക്ക് സ്റ്റോണ്‍, പി.സി സര്‍ക്കാര്‍, ഹൂഡിനി, വാഴക്കുന്നം എന്നീ പേരുകളാണ് ബ്ലോക്കുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ആര്‍ക്കിടെക്ട് മനോജ് ഒറ്റപ്പാലമാണ് 50 മീറ്റര്‍ സ്ക്വയറില്‍ വീടുകള്‍ ഒരോന്നും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് വില്ലേജില്‍ ഒരു ഗുരുകുലവും വിഭാവനം ചെയ്തിട്ടുണ്ട്. കലാകാരന്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന തരത്തിലാണ് ഈ ഗുരുകുലം ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് വില്ലേജില്‍ താമസിക്കുന്ന കലാകാരന്മാര്ക്ക് തുല്യതാപരീക്ഷ എഴുതാനുള്ള സൗകര്യവും കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തിനും അവസരമൊരുക്കും. കൂടാതെ കുട്ടികള്‍ക്കായി കളിസ്ഥലവും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.

മാജിക് പ്ലാനറ്റിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 31ന് ധനകാര്യ മന്ത്രി തോമസ് ഐസക് ആര്‍ട്ടിസ്റ്റ് വില്ലേജ് കലാകാരന്മാര്ക്കായി സമര്‍പ്പിക്കും. ചടങ്ങില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കെ.കെ ശൈലജ ടീച്ചര്‍, മേയര്‍ വി.കെ പ്രശാന്ത്, മാജിക് അക്കാദമി രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്, ചലച്ചിത്രതാരം മധു തുടങ്ങിയവര്‍ പങ്കെടുക്കും.

സ്വദേശത്തും വിദേശത്തുമായി നിരവധി തെരുവു മാന്ത്രികരും സര്‍ക്കസ് കലാകാരന്മാരും പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇവരില്‍ പലര്‍ക്കും അന്തിയുറങ്ങാന്‍ ഒരു സ്ഥലമോ, സ്ഥിര വരുമാനമോ ഇല്ല. പലര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ല. ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന പദ്ധതി ഇത്തരക്കാര്‍ക്കായാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

