KOYILANDY DIARY.COM

The Perfect News Portal

ഭവന നിര്‍മ്മാണ നിര്‍വഹണ മേല്‍നോട്ടത്തിനായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

കൊച്ചി: പ്രളയത്തില്‍ ഭവനം നഷ്ടമായവരുടെ ഭവന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധനയും മേല്‍നോട്ടവും നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലുവ, പറവൂര്‍ താലൂക്കുകളിലെ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാരും ഹെഡ് ക്ലര്‍ക്കുമാരുമാണ് പങ്കെടുത്തത്. അന്‍പത് ഗുണഭോക്താക്കളില്‍ അധികമുള്ള പഞ്ചായത്തുകളില്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് അസിസ്റ്റന്റ് സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയാനായി ജില്ലാതലത്തില്‍ വികസിപ്പിച്ച റീബില്‍ഡ് കേരള എന്ന ആപ്ലിക്കേഷനും ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി. പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് ഭവന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇതെല്ലാം അനുസരിച്ച്‌ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് വിജയമെന്ന് കളക്ടര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ സുതാര്യമായിരിക്കണം.

അതിനുവേണ്ടിയാണ് റീബില്‍ഡ് കേരള എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ഗുണഭോക്താക്കള്‍ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന ഘട്ടം മുതലുള്ള എല്ലാ വിവരങ്ങളും ലൃിമസൗഹമാ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. ബൃഹത്തായ ഒരു പദ്ധതിയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭവന നിര്‍മ്മാണം ആരംഭിച്ചോ ഇല്ലയോ എന്ന് രേഖപ്പെടുത്തലാണ് ആദ്യഘട്ടം. നിര്‍മ്മാണം ആരംഭിച്ച വീടിന്റെ ചിത്രം, ജിയോ ടാഗിംഗ് എന്നിവ ഈ ഘട്ടത്തില്‍ രേഖപ്പെടുത്തണം.

Advertisements

ആദ്യ ഗഡുവായ 95,100 രൂപ ലഭ്യമായവരുടെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക. 25%, 75%, പൂര്‍ത്തീകരണം എന്നിവയാണ് മറ്റ് മൂന്ന് ഘട്ടങ്ങള്‍. ഓരോ ഘട്ടത്തിലും വീടിന്റെ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യണം. എല്ലാ വില്ലേജുകള്‍ക്കും നിലവിലുള്ള യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച്‌ റീബില്‍ഡ് കേരള ആപ്ലിക്കേഷനില്‍ കയറാം. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കും മേല്‍നോട്ട നിര്‍വ്വഹണത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി ഷീലാദേവി, റീബില്‍ഡ് കേരള നോഡല്‍ ഓഫീസര്‍ മനോജ് കെ, എന്‍.ഐ.സി അസിസ്റ്റന്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് ഈപ്പന്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഏണസ്റ്റ് തോമസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *