ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ദേശീയ സമ്മേളനം ആറ്, ഏഴ് തീയതികളില്‍

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ”ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേഷന്‍” എന്ന വിഷയത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. ആറ്, ഏഴ് തീയതികളില്‍ ഹോസ്പിറ്റലില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൈദ്യരംഗത്തെ നയതന്ത്രം, രോഗീപരിചരണത്തിലെ വിവിധ രീതികള്‍, നിലവാരം പുലര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, ഹോസ്പിറ്റല്‍ ഭരണ നിര്‍വഹണത്തിലെ നൂതന പ്രവണതകള്‍, സമരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. ആശുപത്രികളിലെ സേവനം മികച്ചതാക്കുക, ഗുണനിലവാരം ഉയര്‍ത്തുക എന്നിവയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.

എ.ഐ.ഐ.എം.എസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശക്തികുമാര്‍ ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.ഐ.ഐ.എം.എസ് ന്യൂഡല്‍ഹി, ഐ.ഐ.എം, കേന്ദ്ര പ്രതിരോധ മന്ത്രാലയം, എഫ്.എം.സി പൂനെ, ഹൈദരാബാദിലെ ഇന്‍ഡോ- യു.എസ് ഹോസ്പിറ്റല്‍, സര്‍വാഗ്ന്യ സൊല്യൂഷ്യന്‍സ്, ഇന്നാക്സെല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രമുഖര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ.
സോമന ജേക്കബ്, ഡയരക്ടര്‍ ഡോ. വിനീത് എബ്രഹാം, കോണ്‍ഫറന്‍സ് ഡയരക്ടര്‍ ഡോ. വിനോദ് കുമാര്‍ സി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

