ബസ് കാത്തുനിന്നു മടുത്ത യാത്രക്കാരന്‍ കലിമൂത്ത് കെ എസ് ആര്‍ ടി സി ബസുമായി വീട്ടിലേക്കോടിച്ചുപോയി

കൊല്ലം : ബസ് കാത്തുനിന്നു മടുത്ത യാത്രക്കാരന്‍ കലിമൂത്ത് ഒടുവില്‍ കെ എസ് ആര്‍ ടി സി ബസുമായി വീട്ടിലേക്കോടിച്ചുപോയി. വഴിമധ്യേ അപകടത്തില്‍പെട്ടതോടെ മൂപ്പര്‍ കുടുങ്ങി. കൊല്ലം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ കഴിഞ്ഞദിവസമാണ് നാടകീയ സംഭവം അരങ്ങേറിയത്. ആറ്റിങ്ങല്‍ മണമ്ബൂര്‍ സ്വദേശി അലോഷാണ്(25) ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് പിടിയിലായത്.
ഞായറാഴ്ച അര്‍ധരാത്രി ഒരുമണിയോടെയാണ് സംഭവം. ആറ്റിങ്ങലേക്ക് പോകാനായിരുന്നു അലോഷ് കൊല്ലം സ്റ്റാന്റിലെത്തിയത് . എന്നാല്‍ ഏറെ നേരം കാത്തുനിന്നിട്ടും ആറ്റിങ്ങലേക്ക് ബസൊന്നും കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ ഉടനെയൊന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വണ്ടിയില്ലെന്ന് മനസിലായി. പിന്നെ ഒട്ടും താമസിച്ചില്ല. ലിങ്ക് റോഡ് ഭാഗത്ത് നിറുത്തിയിട്ടിരുന്ന ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ് എടുത്തു ആറ്റിങ്ങലിലേക്ക് ഒറ്റ വിടല്‍. ലിങ്ക് റോഡും പരിസരവും ഉറക്കത്തിലായിരുന്നതിനാല്‍ ഇതൊന്നും ആരും അറിഞ്ഞില്ല. എന്നാല്‍ വണ്ടി എടുത്ത് ഒരു കിലോമീറ്റര്‍ ഓടുന്നതിന് മുമ്ബ് തന്നെ ചിന്നക്കട റൗണ്ടിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടവും സംഭവിച്ചു. ഇതോടെ അലോഷ് വണ്ടി വെച്ച് മുങ്ങുകയായിരുന്നു.

ചിന്നക്കടയില്‍ ഡ്യൂട്ടിലായിരുന്ന പോലീസ് അപകടം സൃഷ്ടിച്ച വാഹനം പരിശോധിച്ചപ്പോള്‍ അതില്‍ യാത്രക്കാരെയൊന്നും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. ഇതിനിടെ ഒരാള്‍ ബസിനകത്ത് ഒളിച്ചു കയറാന്‍ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ പോലീസ് അയാളെ പിടിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്.

ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ ഇറങ്ങി ഓടിയ അലോഷ് ഡ്രൈവര്‍ സീറ്റിന് താഴെ പെട്ടുപോയ തന്റെ ഒരു ഷൂസ് എടുക്കാന്‍ വിട്ടു. അതെടുക്കാനായിരുന്നു വീണ്ടും എത്തിയത്. എന്നാല്‍ സ്ഥലത്ത് പോലീസ് ഉള്ളതിനാല്‍ ഷൂസ് എടുക്കാനും കഴിഞ്ഞില്ല. ഇതോടെയാണ് ഒളിച്ചുകടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് പിടികൂടുകയും ചെയ്തു.

അതേസമയം അലോഷ് മദ്യ ലഹരിയിലായിരുന്നതിനാലാണ് വാഹനം ഓടിച്ചു പോയതെന്നാണ് പോലീസ് പറയുന്നത്. മെക്കാനിക്കല്‍ വിഭാഗത്തിന്റെ പരിശോധനയ്ക്കായി ചാവി വണ്ടിയില്‍ തന്നെ വെച്ചതാണ് അലോഷിന് വണ്ടി എടുത്തുപോകാന്‍ സഹായിച്ചത്. പ്രവാസിയായ അലോഷിന് നാട്ടില്‍ മറ്റു കേസുകളൊന്നുമില്ലെന്ന് കൊല്ലം ഈസ്റ്റ് പോലീസ് പറയുന്നു.
പോസ്റ്റ് തകര്‍ന്നതിലും വാഹനത്തിന് കേട് പറ്റിയ ഇനത്തിലും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. അലോഷിനെതിരെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കൊല്ലത്ത് ഇതിന് മുമ്ബും സമാനമായ രീതിയില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടും ബസുകള്‍ സുരക്ഷിതമായല്ല സൂക്ഷിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പുതിയ സംഭവം.
