ബംഗാള്‍ യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

ചങ്ങനാശേരി : ബംഗാള്‍ യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ബംഗാള്‍ മാള്‍ഡ സ്വദേശി തസ്ലിമയുടെ (22) മരണത്തിലാണ് ഭര്‍ത്താവ് മാള്‍ഡ സ്വദേശി റൂഹുലിനെ (44) പിടികൂടിയത്. പായിപ്പാടുള്ള വാടക വീട്ടില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് തസ്ലിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബംഗാളിലേക്ക് കടക്കാന്‍ ശ്രമിച്ച റൂഹുലിനെ എറണാകുളം സ്റ്റേഷനില്‍ വച്ചാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടിയത്.
പൊലീസ് പറയുന്നതിങ്ങനെ : രണ്ടുമാസം മുമ്പാണ് തസ്ലിമ പായിപ്പാട് മല്ലപ്പള്ളി റോഡിലെ വെള്ളാപ്പള്ളി കവലയ്ക്കു സമീപം കീഴടി ഭാഗത്തെ വാടകവീട്ടിലെത്തുന്നത്. യുവതിയ്ക്കും ഭര്‍ത്താവിനുമൊപ്പം ആറ് ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 8.30 ന് ജോലിയ്ക്കുപോയ മറ്റുള്ളവരോട് തസ്ലിമ പനിയാണെന്നും താന്‍ മരുന്നു വാങ്ങാന്‍ പോകുകയാണെന്നും റൂഹുല്‍ ഫോണിലൂടെ അറിയിച്ചിരുന്നു.

വീട്ടിലെത്തി യുവതിയെ നോക്കണമെന്ന് പറഞ്ഞെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഉടന്‍ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ വാതിലില്‍ തട്ടി വിളിച്ചിട്ടും തുറന്നില്ല. അകത്തുകയറി നോക്കിയപ്പോള്‍ യുവതി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീട്ടുടമയേയും പൊലീസിനേയും വിവരമറിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

പോസ്റ്റ്മോര്‍ട്ടത്തിതിനുശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍,എസ്.ഐ കെ.പി. വിനോദ്, തൃക്കൊടിത്താനം എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു.

