പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടര്‍ന്ന് തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം

കണ്ണൂര്‍: പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടര്‍ന്ന് തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, തലശേരി എംഎല്‍എ എ.എന്‍.ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തിയതോടെ രംഗം ശാന്തമായി. ഇതിനു ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ സമ്മതിച്ചത്.

കൂത്തുപറമ്പ് വട്ടിപ്ര സ്വദേശിനിയായ 28കാരിയെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിലെത്തിച്ച യുവതിയുടെ നില ഗുരുതരമായിരുന്നിട്ടും വേണ്ട ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ക്കായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും ഐസിയു ഉള്‍പ്പെടുന്ന കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്.

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യുവതിക്ക് രക്തസമ്മര്‍ദം വര്‍ധിച്ചതാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

