പ്രളയാനന്തര പുനര്‍നിര്‍മ്മാണം : രണ്ടാംഘട്ടത്തില്‍ 2000 ഫ്ലാറ്റ്

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സഹകരണവകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതിയുടെ രണ്ടാംഘട്ടം ഫ്ലാറ്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിനായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
ഫ്ലാറ്റ് നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിന് ജില്ലാടിസ്ഥാനത്തില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരില്‍ ആഗസ്തില്‍ നിര്‍മാണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നടത്തും. ജൂലൈ 31നകം ഫ്ലാറ്റ് നിര്‍മാണത്തിനനുയോജ്യമായ ഭൂമിയുടെ ലിസ്റ്റ് ജില്ലകളില്‍നിന്ന് ലഭ്യമാക്കണം. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ത്തന്നെ ഭൂമി കണ്ടെത്തണം.

ഫ്ലാറ്റ് നിര്‍മാണത്തില്‍ പരിചയമുള്ള വന്‍കിട നിര്‍മാതാക്കളുടെ ഉപദേശവും സാങ്കേതികസഹായവും നിര്‍മാണോപകരണങ്ങളുടെ സേവനവും സ്വീകരിക്കും. എന്‍ജിനിയറിങ് കോളേജുകളുടെ സഹായവും പ്രയോജനപ്പെടുത്തും.

കെയര്‍ഹോം പദ്ധതിയില്‍ രണ്ടാംഘട്ടം 2000 ഫ്ളാറ്റ് നിര്‍മിക്കും. ലൈഫ് മിഷനുമായി സഹകരിച്ചാണ് പദ്ധതി. ആദ്യഘട്ടം 2040 വീടാണ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. ഇതില്‍ 1500ലധികം വീട് നിര്മിച്ചുകുടുംബങ്ങള്ക്ക് കൈമാറി. ആഗസ്ത് 15നുമുമ്ബ് മുഴുവന്‍ വീടും കൈമാറും. ഫ്ലാറ്റ് നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി കലക്ടര്‍മാര്‍ സഹകാരികളുടെ യോഗം വിളിക്കും.

സംസ്ഥാന ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്ലാറ്റ് ലഭിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കും. നിലവില്‍ ജില്ലകളില്‍ ലഭ്യമായ സ്ഥലങ്ങളുടെ വിശദാംശം മന്ത്രി ചര്‍ച്ച ചെയ്തു. സഹകരണ സെക്രട്ടറി മിനി ആന്റണി, ലൈഫ് മിഷന് സിഇഒ യു വി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
