KOYILANDY DIARY.COM

The Perfect News Portal

പൊലീസ്​ അറസ്​റ്റു ചെയ്​ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ ഡി.വൈ.എഫ്​​.ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ബസ്​ തടഞ്ഞു

മലപ്പുറം: മംഗളൂരുവില്‍ പൊലീസ്​ അറസ്​റ്റു ചെയ്​ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ ഡി.വൈ.എഫ്​​.ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ബസ്​ തടഞ്ഞു. മൈസൂരില്‍ നിന്ന്​ നാടുകാണി വഴി തൃശൂരിലേക്ക്​ പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്​പോര്‍ട്ട്​ ബസാണ്​ തടഞ്ഞത്​. പ്രവര്‍ത്തകര്‍ ബസിന്​ മുന്നില്‍ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണ്​. പൊലീസ്​ സ്ഥലത്തെത്തിയിട്ടുണ്ട്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വെടിവെപ്പുണ്ടായ മംഗളൂരുവില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഇന്ന്​ രാവിലെയാണ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ വെടിയേറ്റ്​ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്​ ആശുപത്രി പരിസരത്ത്​ റിപ്പോര്‍ട്ടിനെത്തിയ റിപ്പോര്‍ട്ടര്‍മാരെയും കാമറമാന്‍മാരെയും കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഉമര്‍, കാമറാമാന്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ്​ 24, ന്യൂസ്​ 18 അടക്കം പത്തോളം വാര്‍ത്താ​ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരുമാണ്​ കസ്​റ്റഡിയിലായത്​. ​ഇവരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ്​ ബസ്​ തടഞ്ഞിട്ടിരിക്കുന്നത്​.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *