KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം

കൊയിലാണ്ടി: പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം സംഘടിപ്പിച്ചു. കള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കിടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ് കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. മിഥുനത്തിലെ അവസാന ദിവസം ഇവ ആരംഭിക്കുന്നു. പെരുവട്ടൂരിലെ സ്‌നേഹ സ്വയം സഹായ സംഘവും, ഉജ്ജയ്‌നി കലാസാംസ്‌ക്കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോരിച്ചെരിയുന്ന മഴയത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ കലിയൻ വേഷംകെട്ടി ചൂട്ട് തെളിയിച്ചാണ് കലിയൻ ദിനാഘോഷം ആചരിച്ചത്. നിരവധിപേരാണ് പരിപാടിയിൽ പങ്കെടുത്ത്.

മിഥുനത്തിലെ അവസാന ദിവസം-ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിലെ ആദ്യ ദിവസം -സന്ധ്യക്ക് ഉത്തര കേരളത്തിലെ വീടുകളില്‍ നടക്കുന്ന പഴയ ഒരു ചടങ്ങാണ് കലിയന് കൊടുക്കല്‍ ആരാണ് കലിയന്‍ എന്നത് വ്യക്തമല്ല. ഉര്‍വ്വരതയുടെ ദേവതാസങ്കല്പമാണ് എന്ന് ഉറപ്പ്..

തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കല്‍ ചടങ്ങിനോട് ഏതാണ്ട് സമാനമാണിത്.ചിങ്ങ വിളക്ക് തെളിയുന്നതിനു മുമ്പ്- കര്‍ക്കിടകത്തിലെ അവസാന ദിവസം – സന്ധ്യക്ക് എല്ലാ വീടുകളും അടിച്ചു വൃത്തിയാക്കി ശുദ്ധമാക്കി വെക്കാറുണ്ടല്ലോ. ഏതാണ്ടതേ മട്ടില്‍ ഉത്തര കേരളത്തില്‍ കര്‍ക്കിടകത്തിനെ വരവേല്‍ക്കാനാണ് ഈ ആചാരങ്ങള്‍ അനുഷ്ഠിക്കാറുള്ളത്.

Advertisements

വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തെളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കള്‍ കളയുന്നതോടെ അനിഷ്ടകാരകിയായ ചേട്ടാ ഭഗവതി പുറത്തു പോവുമെന്നാണ് സങ്കല്പം.

കലിയന് കൊടുക്കല്‍

വാഴത്തടകൊണ്ട് കൂട്, പ്ളാവില കൊണ്ട് പൈക്കള്‍……കലിയന് കൊടുക്കുന്ന ചടങ്ങിന് രസകരമായ മുന്നൊരുക്കങ്ങളുണ്ട്. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും. അതില്‍ ഏണി, കോണി. എന്നിവ ഉണ്ടാക്കിവെക്കും. പഴുത്ത പ്ളാവിലകൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളും ഉണ്ടാക്കിവെക്കും

മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാംവച്ച് ഇലയില്‍ ചോറും കറികളും വിളമ്പിവെക്കുന്നു. സന്ധ്യ മയങ്ങിയാല്‍, ചൂട്ടുകത്തിച്ച് ഒരാള്‍,പാല്‍ക്കിണ്ടിയില്‍ വെള്ളം നിറച്ച് മറ്റൊരാള്‍, മുറം കൈയിലേന്തി ഒരാള്‍തൊട്ടു പുറകെ… പിന്നെ പ്രായഭേദമന്യെ തറവാട്ടിലെ/ വീട്ടിലെ അംഗങ്ങള്‍. എല്ലാവരും വീടിനു ചുറ്റും നടക്കുന്നു

കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ കൂവി വീട്ടിനു ചുറ്റും നടക്കും. ഒടുവില്‍ ഇതെല്ലാം ഒരു പ്ളാവിന്‍റെ ചോട്ടില്‍ കൊണ്ടു വെച്ച് പ്ളാവില്‍ ചരലു വാരി എറിയും.. പ്ളാവ് നിറച്ചും കായ്ക്കാന്‍!

വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും… വീട്ടില്‍ ഫലസമൃദ്ധിയുണ്ടാവാന്‍.! എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *