പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പത്തുദിവസത്തികം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകം സംബന്ധിച്ച കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ അച്ഛന്‍ കൃഷ്‌ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്‍റെ അച്ഛന്‍ സത്യ നാരായണന്‍, അമ്മ ലളിത എന്നിവരാണ് നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്.

അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അതിനാല്‍, കേസ് സിബിഐക്ക് വിടാന്‍ കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സി ബി ഐക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി വീണ്ടും 12 ന് പരിഗണിക്കും. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

