പുതിയ 50 രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്

ഡല്‍ഹി: പുതിയ 50 രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹംപിയിലെ ചരിത്രസ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടിന് ഫ്ളൂറസെന്റ് നീല നിറമായിരിക്കും. പുതിയ നോട്ട് പുറത്തിറങ്ങിയാലും പഴയ 50 രൂപ നോട്ട് ഉപയോഗത്തില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
66എംഎം-135എംഎം വലുപ്പത്തിലുള്ളവയാകും നോട്ട്. ഭാരത്, ആര്‍ബിഐ എന്നിവ ആലേഖനംചെയ്ത സുരക്ഷാനാടയുള്ള നോട്ടിന്റെ മധ്യഭാഗത്തായി ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രത്തിന് വലതുവശത്താണ് ഗവര്‍ണറുടെ ഒപ്പും അശോകസ്തംഭവും. സ്വച്ഛ്ഭാരത് ലോഗോ, വിവിധ ഭാഷയിലുള്ള നോട്ടിന്റെ മൂല്യം എന്നിവയുമുണ്ടാകും. ചെറിയ നോട്ടിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ 50 രൂപ നോട്ട് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പുതിയ 50 രൂപ നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

