പന്തലായനി കൂമൻതോട് കിണറിന് സമീപം ലോറി മറിഞ്ഞു

കൊയിലാണ്ടി: പന്തലായനി കൂമൻതോട് കിണറിന് സമീപം കന്മനിലം കുനി റോഡിൽ ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി വയലിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. KL 10 AJ 7928 എന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കല്ല് കയറ്റിയ ലോറി സൈറ്റിൽ എത്തിയ സമയത്ത് ഇറക്കാൻ പാകത്തിൽ നിർത്താൻ ശ്രമിക്കുമ്പോൾ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. കലാസി എത്തിയ ഉടനെ ലോറി ഉയർത്താനുള്ള ശ്രമം നടക്കും
ഡ്രൈവർ ഇരിക്കുന്ന ഭാഗമാണ് 5 അടി താഴ്ചയുള്ള വെള്ളം കെട്ടി നിൽക്കുന്ന വയലിലേക്ക് മറിഞ്ഞത്. ഡ്രൈവറുടെ സീറ്റ് ഉൾപ്പൈടെ മുൻഭാഗം 3 അടിയോളം ചളിയിലേക്ക് താഴ്ന്ന നിലയിലാണുള്ളത്. റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. ഒന്നര മാസം മുമ്പാണ് റോഡ് ടാറിംഗ് നടത്തിയത്. നിർമ്മാണത്തിൽ അപാകത ഉണ്ടായതായി നാട്ടുകാർ അന്നേ പരാതി ഉന്നയിച്ചിരുന്നു. കൊയിലാണ്ടി ബപ്പൻകാട് കുറ്റിവയലിൽ കണ്ണന്റെ ഉടമസ്ഥതയുള്ളതാണ് ലോറി.
നഗരസഭാ കൗൺസിലർ വി. കെ. രേഖ സംഭവസ്ഥലം സന്ദർശിച്ചു

