KOYILANDY DIARY.COM

The Perfect News Portal

പണിമുടക്കിനിറങ്ങുന്ന ജീവനക്കാര്‍ക്ക് ശബളം കൊടുക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ്

തിരുവനന്തപുരം: ഡി.എ കുടിശികയുടെ പേരില്‍ പണിമുടക്കിനിറങ്ങുന്ന ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്ക് ശബളം കൊടുക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് തീരുമാനിച്ചതായി വിവരം.

ഡി.എ കുടിശികയായ 6% ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും സി.പി.ഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് യൂണിയനുമാണ് ബുധനാഴ്ച പണിമുടക്കുമന്ന് അറിയിച്ചിരിക്കുന്നത്. അന്നേ ദിവസം പണിമുടക്കുന്ന ജീവനക്കാരെ ഒഴിവാക്കി കഴിഞ്ഞ മാസത്തെ ശമ്ബളം വിതരണം ചെയ്യാനാണ് ആലോചന. ഇങ്ങനെ സംഭവിച്ചാല്‍ മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകും

ഈ മാസം ശമ്ബളം വിതരണം ചെയ്യാനായി കനറാ ബാങ്കില്‍ നിന്നും 50 കോടി രൂപയുടെ വായ്പ കെ.എസ്.ആര്‍.ടി.സി തരപ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷനിലെ 42,000 ജീവനക്കാര്‍ക്ക് ശമ്ബളം വിതരണം ചെയ്യുന്നതിനായി 80 കോടി രൂപയാണ് വേണ്ടത്. മാത്രമല്ല പെന്‍ഷനു വേണ്ടി 55 കോടി രൂപ വേറെയും വേണം. അങ്ങനെയിരിക്കെയാണ് ഡി.എ കുടിശികയ്ക്കു വേണ്ടി സംഘടനകള്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ സര്‍ക്കാരാണ് 39% ഡി.എ വര്‍ദ്ധിപ്പിച്ചത്. അതില്‍ 33% നല്‍കി. ശേഷിക്കുന്ന ആറു ശതമാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

Advertisements

ഇപ്പോള്‍ പണിമുടക്ക് പ്രഖ്യപിച്ചിരിക്കുന്ന ഡെമോക്രാറ്റിക് ഫെഡറേഷന് 27 ശതമാനം തൊഴിലാളികളുടെ പിന്തുണ ഉണ്ട്. ട്രാന്‍സ്പോര്‍ട്ട് യൂണിയന് പത്ത് ശതമാനത്തിന്റെ പിന്തുണയാണുള്ളത്. പണിമുടക്കിന്റെ പേരില്‍ ഈ രണ്ടു യൂണിയനിലും പെട്ട 37% തൊഴിലാളികളും വിട്ടു നിന്നാല്‍ ബാക്കിയുള്ളവര്‍ക്കായിരിക്കും ശബളം ലഭിക്കുക. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന 50 കോടി രൂപ കാെണ്ട് അത് സാധിക്കുകയും ചെയ്യും. 48% തൊഴിലാളികളുടെ പിന്തുണ ഉള്ള ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് അസോസിയേഷന്‍ ഡി.എക്കു വേണ്ടി ചീഫ് ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരമാണ് നടത്തുന്നത്.

# സര്‍വീസ് മുടക്കിയാല്‍ സസ്പെന്‍ഷന്‍
ജീവനക്കാരുടെ പിഴവ് കാരണം സര്‍വീസ് മുടങ്ങിയാല്‍ കുറ്റക്കാരെ ഉടനടി സസ്പെന്‍ഡ് ചെയ്യാന്‍ യൂണിറ്റ് മേധാവികള്‍ക്ക് കെ.എസ്.ആര്‍.ടിസി എംഡി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അച്ചടക്ക നടപടി സ്വീകരിച്ചശേഷം ചീഫ് ഓഫീസില്‍ അറിയിച്ചാല്‍ മതി. കുറ്റപത്രം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട് ചീഫ് ഓഫീസില്‍ നല്‍കണം. കണ്ടക്ടറും ഡ്രൈവറുമില്ലാത്തതിനാല്‍ ദിവസം ഇരുന്നൂറോളം സര്‍വീസുകള്‍ മുടങ്ങുന്നുണ്ട്. സൂപ്പര്‍ഫാസ്റ്റുകള്‍, എക്സ്പ്രസുകള്‍ തുടങ്ങി ദിവസം 15,000 രൂപയ്ക്ക് മേല്‍ വരുമാനമുള്ള ബസുകള്‍വരെ ഇത്തരത്തില്‍ മുടങ്ങുന്നുണ്ട്. ഈ വീഴ്ചകള്‍ ഡിപ്പോതലത്തില്‍ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയാണ് പതിവ്.

ബസ് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്ബെങ്കിലും കണ്ടക്ടറും ഡ്രൈവറും ഡിപ്പോയില്‍ എത്തണമെന്നാണ് നിയമമെങ്കിലും പലരും വൈകിയാണെത്തുന്നത്. ഇതൊഴിവാക്കാനാണ് അടുത്തിടെ ഓണ്‍ലൈന്‍ ഹാജര്‍ നിര്‍ബന്ധമാക്കിയത്. ഇതുപോലും പല ജീവനക്കാരും അനുസരിക്കാറില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *