പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും വീട്ടില്‍ കയറി ആക്രമിച്ചു

പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും ബിജെപിക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ചു. മുട്ടാര്‍ പഞ്ചായത്ത് 12–ാം വാര്‍ഡംഗം മിത്രമഠം കോളനിയില്‍ തങ്കമ്മ സോമന് (49), മകന് നിമേഷ് (26), മകന്റെ ഭാര്യാ സഹോദരന് ചമ്പ്രക്കുളം കൊച്ചുചിറ്റടി കൊച്ചുമോന് എന്നിവരെയാണ് ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരായ മിത്രമഠം കോളനിയില്‍ ലെധിന് ബാബു, സനീഷ് സണ്ണി, സനോജ് ബോബന്ദാസ് എന്നിവര്‍ക്കെതിരെ രാമങ്കരി പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി 7.30നാണ് അക്രമം. മര്‍ദനമേറ്റ തങ്കമ്മയ്ക്ക് ബോധം നഷ്ടമായി. മര്‍ദനം തടഞ്ഞ നിമേഷിനെ സംഘം കമ്പിവടി കൊണ്ട് മര്‍ദിച്ചു. ബഹളം കേട്ട് എത്തിയ കൊച്ചുമോനെയും അക്രമിച്ചു. കൊച്ചുമോന്റെ വലതുകൈ തല്ലിയൊടിച്ചു.

രാമങ്കരി പൊലീസ് സ്ഥലത്ത് എത്തിയിട്ടും സംഘം അക്രമം തുടരുകയായിരുന്നു.
തങ്കമ്മയെയും നിമേഷിനെയും കൊച്ചുമോനെയും കുട്ടനാട് താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തുടര്‍ന്ന് തങ്കമ്മ സോമന് പുളിങ്കുന്ന് കുട്ടനാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പ്രകോപനമായത്.
