KOYILANDY DIARY.COM

The Perfect News Portal

നോട്ടുമാറ്റം: മഷിപുരട്ടേണ്ടത് വലതുകൈയിലെ ചൂണ്ടുവിരലില്‍

ഡല്‍ഹി >  500, 1000 നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ച പിന്നിട്ടിട്ടും രാജ്യമെങ്ങും ബാങ്കുകളിലെ തിരക്ക് കുറയാത്ത സാഹചര്യത്തില്‍ പണം മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍. വലത് ചൂണ്ടുവിരലിലാകും മഷി പുരട്ടുക. ഒന്നിലേറെതവണ പഴയ നോട്ടുകള്‍ മാറുന്നത് തടയുന്നതിനാണ്  നടപടിയെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചു. ജന്‍ധന്‍ അക്കൌണ്ടുകളിലെ പണമിടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദാസ് പറഞ്ഞു.

ജനങ്ങളുടെ ദുരിതവും ബാങ്കുകളിലെ തിരക്കും അവസാനിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അവലോകനയോഗം വിളിച്ചു. ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനമെടുത്ത് യോഗം പിരിഞ്ഞു. തെരഞ്ഞെടുപ്പിന് വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന അതേമഷിതന്നെയാകും ബാങ്കിലെത്തുന്നവരുടെ വിരലിലും പുരട്ടുക. മഷി രണ്ടുമാസം മായില്ല.

വിവിധ സംസ്ഥാനങ്ങളിലായി നാല് ലോക്സഭാ മണ്ഡലങ്ങളിലും എട്ട് നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മഷി പുരട്ടാനുള്ള തീരുമാനത്തെ പ്രതിപക്ഷപാര്‍ടികള്‍ എതിര്‍ത്തു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍മാരുടെ ഇടത് ചൂണ്ടുവിരലിലാകും മഷി പുരട്ടുകയെന്ന് വ്യക്തമാക്കി.

Advertisements

പഴയ നോട്ടുകള്‍ ഒരിക്കല്‍ മാറിയവര്‍ വീണ്ടും വീണ്ടും എത്തുന്നതുകൊണ്ടാണ് ബാങ്കിലെ തിരക്ക് കുറയാത്തതെന്ന് ശക്തികാന്തദാസ് പറഞ്ഞു. മഷി പുരട്ടുന്നതോടെ ഒന്നിലേറെതവണ പണം മാറാന്‍ ആര്‍ക്കും സാധിക്കില്ല. ബാങ്കുകളിലെ തിരക്ക് ഇതോടെ അവസാനിക്കും. മഷിപുരട്ടല്‍ സംവിധാനം ബാങ്ക് ജീവനക്കാര്‍ പാലിക്കുന്നുണ്ടോയെന്ന് അറിയുന്നതിന് സിസിടിവി നിരീക്ഷണം കര്‍ശനമാക്കും.

ജന്‍ധന്‍ അക്കൌണ്ടുകളില്‍ പരമാവധി നിക്ഷേപിക്കാനാകുന്ന പണം 50,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ജന്‍ധന്‍ അക്കൌണ്ടുകളില്‍ 50,000 രൂപയില്‍ കൂടുതല്‍ വന്നാല്‍ പരിശോധിക്കും- ദാസ് പറഞ്ഞു. കള്ളപ്പണം നിക്ഷേപിക്കാന്‍ ജന്‍ധന്‍ അക്കൌണ്ട് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണിത്.

ബാങ്കുകളിലെയും എടിഎമ്മുകളിലെയും നീണ്ടനിരയ്ക്ക് ചൊവ്വാഴ്ചയും മാറ്റമുണ്ടായില്ല. ഗുരുനാനാക്ക് ദിനം പ്രമാണിച്ച് തിങ്കളാഴ്ച ഉത്തരേന്ത്യയില്‍ പലയിടത്തും ബാങ്ക് അവധിയായതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഡല്‍ഹിയിലടക്കം ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തനരഹിതമാണ്. പണം ഇടുന്ന എടിഎമ്മുകളാകട്ടെ വളരെ വേഗത്തില്‍ കാലിയാകും. പുതിയ 500 രൂപ നോട്ട് പല ബാങ്കിലും എത്തിയില്ല. പുതിയ 500, 2000 നോട്ടുകള്‍ നിക്ഷേപിക്കാനാകുംവിധം എടിഎമ്മുകളില്‍ വരുത്തേണ്ട സാങ്കേതികമാറ്റവും മന്ദഗതിയിലാണ്.

 

 

Share news

Leave a Reply

Your email address will not be published. Required fields are marked *