നീല്‍ ആംസ്ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കിള്‍ ക്വാളിന്‍സും കുട്ടികളുടെ കണ്‍മുന്നിലെത്തിയപ്പോള്‍

എടച്ചേരി: നീല്‍ ആംസ്ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കിള്‍ ക്വാളിന്‍സും തങ്ങളുടെ കണ്‍മുന്നിലെത്തിയപ്പോള്‍ കുരുന്നുകളുടെ കണ്ണുകളില്‍ വിടര്‍ന്നത് അദ്ഭുതത്തിന്റെ മായാപ്രപഞ്ചം. ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യരെക്കുറിച്ച് അദ്ധ്യാപകനില്‍ നിന്നും കേട്ടറിയുക മാത്രം ചെയ്ത ഇവര്‍ക്ക് കൈയെത്തും ദൂരത്ത് ചാന്ദ്രമനുഷ്യരെ കിട്ടിയപ്പോള്‍ ആവേശം അലതല്ലി.
ആദ്യം കണ്ടപ്പോള്‍ ഒന്നമ്ബരന്നെങ്കിലും പിന്നീടവര്‍ ചാന്ദ്രമനുഷ്യരുമായി ചങ്ങാത്തം സ്ഥാപിച്ചു. പിന്നെ ചോദ്യങ്ങളുടെ ശരവര്‍ഷം തന്നെയായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം കൊടുത്ത് ചാന്ദ്രമനുഷ്യന്‍ ഇനിയും ചോദ്യങ്ങളില്ലേ എന്നായി. പിന്നീടങ്ങോട്ട് ഓരോരുത്തര്‍ക്കും ചാന്ദ്ര മനുഷ്യരുടെ വ്യക്തിപരമായ കാര്യങ്ങളാണ് അറിയേണ്ടിയിരുന്നത്. ഭയപ്പാടൊക്കെ മാറ്റിവച്ച് തൊട്ടും തലോടിയും അവര്‍ ഏറെ നേരം ചാന്ദ്രമനുഷ്യര്‍ക്കൊപ്പം ചെലവഴിച്ചു.

ചാന്ദ്രദിനത്തോടനുബന്ധിച്ച് കുമ്മങ്കോട് ഈസ്റ്റ് എല്‍.പി. സ്കൂളില്‍ നാദാപുരം ഗവ. യു.പി. സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് കുട്ടികള്‍ ചാന്ദ്രമനുഷ്യര്‍ക്കൊപ്പം ഒത്തുകൂടിയത്. നാദാപുരം ഗവ. യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികളായ അഹിന്‍ രാജ് എസ്.ആര്‍, ഷോഹിത്ത് കെ.ടി.കെ. എന്നിവരാണ് ചാന്ദ്രമനുഷ്യരായെത്തിയത്. ഇതേ സ്കൂളിലെ അദ്ധ്യാപകരായ കെ.പി. മൊയ്തു, ടി.പി. അഹമ്മദ്, സി.കെ. രവി, ടി.വി. കുഞ്ഞബ്ദുല്ല, കുമ്മങ്കോ ഈസ്റ്റ് എല്‍.പി. സ്കൂള്‍ അദ്ധ്യാപകരായ കെ. ബഷീര്‍, കെ.കെ.സി. ഹന്‍ലലത്ത്, ദീപ്തി എസ്.ഡി. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

