നിപ ഭീതി ഒഴിയുന്നു: എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട്: നിപയിൽ ആശ്വാസകരമായ സാഹചര്യമാണ് നിലവിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണ്. അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ഉറവിടം കണ്ടെത്തുന്നതിനായി പൂനെ എന്‍ഐവിയില്‍ നിന്നുള്ള സംഘം എത്തി ആദ്യ സാമ്പിളുകൾ ശേഖരിച്ചുവെന്നും മന്ത്രി പറഞ്ഞു. സമ്പർക്കപ്പട്ടികയിലെ അതീവ അപകട സാധ്യതയുള്ളവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലാണ്. കണ്ടെയ്ൻമെൻ്റ് സോണ്‍ വരുന്ന എല്ലാ വാർഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ പൂർത്തിയായി. അസ്വഭാവികമായ മരണങ്ങളോ പനിയോ ഒന്നും പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നത് ആശ്വാസ്യകരമാണ്.

94 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇവർക്കാർക്കും സമ്പർക്ക പട്ടികയുമായി ബന്ധമില്ല. ആരുടെയും ആരോഗ്യസ്ഥിതിയും മോശമല്ല. കോവിഡിന്റെയും നിപായുടെയും പരിശോധനകള്‍ ഇവരുടെ സാമ്ബിളുകളില്‍ നടത്തുന്നുണ്ട്. കണ്ടെയ്ന്മെന്റ് സോണിനുള്ളില്‍ മൊബൈല്‍ ലാബുകള്‍ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. ആരോഗ്യവകുപ്പ് ആരംഭിച്ച സിറോ സര്‍വേ സെപ്തംബര്‍ അനസാനത്തോടെ പൂര്‍ത്തിയാകും. സ്കൂള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ അതിനുശേഷം ആലോചിച്ചാകും തീരുമാനിക്കുകയെന്നും മന്ത്രി അറിയിച്ചു.




                        
