നിലമ്പൂരില്‍ ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് അറസ്റ്റിൽ

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വന്‍കുഴല്‍പ്പണവേട്ട. ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായി. മഞ്ചേരി വള്ളുവമ്ബ്രം സ്വദേശികളായ പാലക്കോട് വീട്ടില്‍ അന്‍വര്‍ ഷഹാദ്(32), ഉള്ളാട്ടുപറമ്ബില് വീട്ടില്‍ റിയാസ് ബാബു( 26) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ 8.30 ഓടെ നിലമ്ബൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് പിടികൂടിയത്. 500 രൂപ ഇന്ത്യന്‍ കറന്സികളുമായിട്ടാണ് ഇവര്‍ പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച മാരുതി റിറ്റ്സ് വാഹനത്തിലുള്ളിലെ ഡോറിനകത്തെ രഹസ്യം അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് മഞ്ചേരിയിലേക്ക് കൈമാറാന്‍ വേണ്ടി കൊണ്ട് പോകും വഴിയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാനായത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എന്‍ പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്ബൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ എം ബിജു, എസ് ഐ ജയപ്രകാശ്, വിഎസ്ഐ റസിയ ബംഗാളത്ത്, നിലമ്ബൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

