നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മോഷ്ടാവ് പതിനാലു വര്‍ഷത്തിനുശേഷം പിടിയില്‍
തൃശൂര്‍: വിവിധ സ്റ്റേഷനുകളില്‍ വാഹനമോഷണം, ഭണ്ഡാര മോഷണം തുടങ്ങിയവയിലും അടിപിടി കേസുകളിലും പ്രതിയായ ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി പറയന്റെ വടക്കേതില്‍ വീട്ടില്‍ രഘുവിന്റെ മകന് അനില്‍ (34) ആണ് പിടിയിലായത്.
പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്ബ് പോട്ടയില്‍ നിന്നും കോട്ടാറ്റ് ഭാഗത്തുനിന്നും ബൈക്കുകള്‍ മോഷണംപോയ കേസിലാണ് അനിലിനെ ചാലക്കുടി ഇന്‍സ്പെക്ടര്‍ ജെ. മാത്യു അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു അനില്‍ കൂടുതല്‍ കാലവും തങ്ങിയിരുന്നത്.

അവിടെ ഇലക്ട്രോണിക്സ് റിപ്പയറിങ് ഷോപ്പില്‍ ജോലിചെയ്യുമ്ബോഴാണ് ബൈക്കുകള്‍ മോഷ്ടിക്കുന്നത്. ഈ കേസുകള്‍ കൂടാതെ മാളയില്‍ വലിയപറമ്ബ് ഭാഗത്തെ പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണവും മറ്റും കവര്‍ന്ന കേസിലും കൊടുങ്ങല്ലൂരില്‍ അടിപിടി കേസുകളിലും അനില്‍ പ്രതിയാണ്.

ഇരിങ്ങാലക്കുട സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായതോടെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുകയും തുടര്‍ന്ന് ഒളിവില്‍ പോകുകയുമായിരുന്നു. ചാലക്കുടിയിലെ അന്വേഷണ സംഘം അഴീക്കോട് കേന്ദ്രീകരിച്ച് അനിലിന്റെ സുഹൃത്തുക്കളെ കണ്ട് ചോദിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഒരു സുഹൃത്തില്‍നിന്ന് അനില്‍ വിവാഹിതനായെന്ന വിവരം ലഭിച്ചതോടെ ആ വഴിക്കായി തുടരന്വേഷണം. അങ്ങനെയാണ് ഭാര്യവീട് കണ്ടെത്തി അവിടെനിന്ന് അനില്‍ കുടുംബസമേതം കഴിയുന്ന പോട്ടയിലെ വീട് കണ്ടെത്തിയത്. തുടര്‍ന്ന് പുലര്‍ച്ചെ അനില്‍ വീട്ടിലേക്ക് വരുന്നവഴി ബൈക്ക് തടഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു.
