തൊണ്ടയാട് ബൈപാസില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം മൂന്നേകാലോടെയാണ് അപകടമുണ്ടായത്. എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന എഎല്‍ 11 ബിബി 2260 ബസാണ് അപകടം വരുത്തിയത്.
സിഗ്നല്‍ മറികടക്കാനായി അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിലൂടെ നിരങ്ങി ഡിവൈഡറിനുമുകളിലൂടെ എതിര്‍ഭാഗത്തേക്ക് മറിഞ്ഞു മരത്തിലിടിച്ചാണ് നിന്നത്. സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തേക്കാണ് ബസ് വീണത്. കടയിലുണ്ടായിരുന്നവരും മറ്റും വലിയ ശബ്ദം കേട്ട് പുറത്തേക്കോടി. ബീച്ചില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തുന്പോഴേക്കും നാട്ടുകാര്‍ ബസിലുണ്ടായിരുന്നുവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു.

നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ വെട്ടിപൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ബസിന്റെകന്പിയില് ഇടിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. തൊണ്ടയാട് ജംഗ്ഷനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇവിടെ ഗതാഗതസ്തംഭനം പതിവാണ്. ഇതിനൊപ്പം സിഗ്നല്‍ കൂടിയാകുന്നതോടെ ബസുകളും മറ്റുവാഹനങ്ങളും സമയ നഷ്ടം ഒഴിവാക്കാന്‍ കുതിച്ചുപായുന്നത് പതിവാണ്. എറെ നേരം സിഗ്നല്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനായാണ് മത്സര ഓട്ടം. ഇതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്പറയുന്നു. ഇവിടെ കഴിഞ്ഞ പത്തിന് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചിരുന്നു.

