തീവ്ര ഹൈന്ദവ ശക്തികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കുന്നതിലും ഭേദം രാജ്യം വിടുന്നതാണ്: എം.വി.ശ്രേയാംസ്കുമാര്‍

കൊയിലാണ്ടി: തീവ്ര ഹൈന്ദവ നിലപാടുകളെ അംഗീകരിക്കാത്തവരോട് രാജ്യം വിടാനാണ് നരേന്ദ്ര മോഡിയും അമിത്ഷായും കല്‍പ്പിക്കുന്നതെന്ന് ലോക് താന്ത്രിക ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി.ശേയാംസ്കുമാര്‍ പറഞ്ഞു. കൊയിലാണ്ടിയില്‍ ലോക് താന്ത്രിക യുവജനതാദള്‍ ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ സംഘടിപ്പിച്ച രാഷ്ട്ര പുനരര്‍പ്പണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്നതിലും ഭേദം രാജ്യം വിടുന്നത് തന്നെയാണ് നല്ലതെന്ന് ശ്രേയാംസ്കുമാര്‍ പറഞ്ഞു.
ഭരണഘടനാ ശില്‍പ്പികള്‍ സ്വപ്നം കണ്ടത് ഇഷ്ടമുളള മത വിശ്വാസം പിന്തുടര്ന്ന് സഹിഷ്ണുതയോടെയും ഐക്യത്തോടെയും ജീവിക്കുന്ന ഇന്ത്യക്കാരെയാണ്. എല്ലാം സഹിച്ചു ജീവിക്കുകയെന്നതല്ല സഹിഷ്ണുത കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് അത് നമ്മുടെ അവകാശമാണ്. നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്ന സംസ്ക്കാരമാണ് ഇന്ത്യയുടെത്. ഈ മഹത്തായ സംസ്ക്കാരം വേരോടെ പിഴുതെറിയാനാണ് നരേന്ദ്രമോഡി ശ്രമിക്കുന്നത്.
തങ്ങളുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ മറ്റുളളവരെ കൊണ്ട് അംഗീകരിപ്പിക്കാനാണ് മോഡിയും കൂട്ടരും ശ്രമിക്കുന്നത്. ഹിറ്റ്ലര്‍ കൈകൊണ്ട രീതിയാണിത്. ഹിറ്റ്ലര്‍ പട്ടാളത്തെ ഉപയോഗിച്ചാണ് ജനങ്ങളെ വരുതിയില്‍ നിര്‍ത്തിയത്. എന്നാല്‍ മോഡി പലവിധത്തിലുളള ഭീഷണി ഉപയോഗിച്ചാണ് അധികാരം പ്രയോഗിക്കുന്നത്. ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താനും മൂക്കുകയറിടാനുമുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.
ഹിന്ദിയിലെ ആനന്ദബസാര്‍ പത്രികയുടെ പത്രാധിപരെയും മാനേജിംങ്ങ് ഡയരക്ടറെയും പിരിച്ചു വിട്ടത് ഇതിന്റെ ഉദാഹരണമാണ്. മോഡിയുടെ ജന സമ്പര്‍ക്കപരിപാടി തെറ്റായി ചിത്രികരിച്ചതിന്റെ പക പോക്കലായിരുന്നു ഇത്. ചില മാധ്യമ സ്ഥാപനങ്ങളെ സി.ബി.ഐയെ ഉപയോഗിച്ച് കളളക്കേസില്‍ കുടുക്കാനുളള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. മോഡിക്കും അമിത്ഷായ്ക്കും മുന്നില്‍ മുട്ടുമടക്കിയില്ലെങ്കില്‍ കളളക്കേസും പ്രതികാര നടപടികളുമായിരിക്കും നേരിടേണ്ടി വരിക. മൃദു ഹിന്ദു സമീപനം ബോധപൂര്‍വ്വം വളര്‍ത്തിയെടുത്ത് സാധാരണ വിശ്വാസികളിലേക്ക് വര്‍ഗ്ഗീയതയും വിഭാഗിയതയും കുത്തിയിറക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. കേരളീയരെ തെറ്റിദ്ധരിപ്പിച്ച് മനസ്സ് മാറ്റാനുളള വലിയ തന്ത്രമാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കരുത്.
മോഡി നടപ്പിലാക്കുന്ന ഭരണ സംവിധാനമാണ് തുടരുന്നതെങ്കില്‍ ഇന്ത്യ നിലനില്‍ക്കില്ല. തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് ഉയിര്‍കൊണ്ട പത്ര സ്ഥാപനങ്ങള്‍ക്കാവില്ല. വര്‍ഗ്ഗീയതയ്ക്കും വിഭാഗീയതക്കുമെതിരെ സോഷ്യലിസ്റ്റുകള്‍ സമര രംഗത്തിറങ്ങണം. പുതിയ കാലത്തില്‍ യുവാക്കളുടെ മനസ്സറിഞ്ഞുളള മുദ്രാവാക്യങ്ങല്‍ ഏറ്റെടുക്കാന്‍ യുവജന സംഘടനകള്ക്കാവണമെന്നും ശ്രേയാംസ്കുമാര്‍ ആവശ്യപ്പെട്ടു.
ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് രാമചന്ദ്രന് കുയ്യണ്ടി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് സലിം മടവൂര്‍, സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീണ്‍ കുമാര്‍, എല്‍.ജെ.ജി സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ക് പി.ഹാരിസ്, ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശങ്കരന്, എം.പി.ശിവാനന്ദന്, ബാബു കൂളൂര്, രജീഷ് മാണിക്കോത്ത്, ഇ.കെ.സജിത്ത് കുമാര്‍,പി.സി.സന്തോഷ്, സി.സുജി ത്ത്,ആര്.എന്‍ രഞ്ജിത്ത്, എം.പി.അജിത, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുനില്‍ ഓടയില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
