തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഓഫീസില്‍ സൈബര്‍ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഓഫീസില്‍ സൈബര്‍ ആക്രമണം. ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത ശേഷം പണം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവെയറിന്റെ ( WannaCry Ransomware ) ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.
റെയില്‍വേ ഡിവിഷന് ഓഫീസിലെ അക്കൗണ്ട്സ് വിഭാഗത്തിലെ നാല് കംപ്യൂട്ടറുകളിലും ടെക്നിക്കല്‍ വിഭാഗത്തിലെ ഒരു കംപ്യൂട്ടറിലുമാണ് വാനാക്രൈ ആക്രമണം ഉണ്ടായിരിക്കുന്നത്. രാവിലെ 11.30ഓടെയാണ് കംപ്യൂട്ടറുകളില്‍ വാനാക്രൈ ആക്രമണമുണ്ടായത്.

വൈറസ് ആക്രമണം ഉണ്ടായതോടെ കംപ്യൂട്ടറുകളും നെറ്റ് വര്‍ക്കും ഓഫാക്കി. വൈറസ് ആക്രമണമുണ്ടായ കംപ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

പബ്ലിക് ഡൊമെയ്നുകളുമായി ബന്ധിപ്പിച്ചിട്ടുള്ള കംപ്യൂട്ടറുകളിലല്ല വൈറസ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

