KOYILANDY DIARY.COM

The Perfect News Portal

തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി മുസ്ലിം ലീഗ് സഹകരിക്കും: കെ.പി.എ മജീദ്

കോഴിക്കോട്: പെട്രോള്‍-ഡിസല്‍-പാചക ഗ്യാസ് വര്‍ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി മുസ്ലിം ലീഗ് സഹകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ അറിയിച്ചു. ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയം വില കൂട്ടുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് നമ്മുടേത്. കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭം ഇരട്ടിപ്പിക്കാന്‍ ജനങ്ങളെ കബളിപ്പിച്ച്‌ ഇനിയും മുന്നോട്ടു പോകാന്‍ ഭരണകൂടങ്ങള്‍ക്കാവില്ല.

ഇന്ധന വില പ്രതിദിനം വര്‍ധിച്ചതോടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ജീവിക്കാന്‍ ഗതിയില്ലാതെ പൗരന്മാര്‍ അന്തിച്ചു നില്‍ക്കുകയാണ്. പെട്രോള്‍ വില നിശ്ചയിക്കാനുളള അധികാരം കമ്ബനികള്‍ക്ക് നിയന്ത്രിതമായി നല്‍കിയപ്പോള്‍ ഫലം ചെയ്തില്ലെങ്കില്‍ തിരിച്ചെടുക്കുമെന്നായിരുന്നു യു.പി.എ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അവശ്യ സര്‍വ്വീസുകളില്‍ എണ്‍പത് ശതമാനവും ആശ്രയിക്കുന്ന ഡീസലിന്റെ വില നിര്‍ണ്ണയാധികാരവും പ്രതിദിന വില വര്‍ധനക്ക് അവകാശവും നല്‍കിയ എന്‍.ഡി.എ ഭരണകൂടം ജനങ്ങളെ ബന്ധിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഒഴിച്ചുകൂടാനാവാത്ത നിര്‍ബന്ധിത സാഹചര്യങ്ങള്‍ ഹര്‍ത്താല്‍ പോലുള്ള സമര മുറകള്‍ അവസാനത്തേതു മാത്രമായി മാത്രം ഉപയോഗപ്പെടുത്തണമെന്നാണ് മുസ്ലിം ലീഗ്  നിലപാട്. രാജ്യത്തെ അപ്പാടെ പ്രതിസന്ധിയിലാക്കുന്ന പെട്രോളിയം വില വര്‍ധനക്കെതിരെ അന്തിമ സമരത്തിന് സമയമായിരിക്കുന്നു. ദരിദ്രരെ കൂടുതല്‍ ദരിദ്രരും പണക്കാരെ കൂടുതല്‍ സമ്പന്നരുമാക്കുന്ന ഒത്തുകളി അവസാനിപ്പിക്കാന്‍ ബഹുജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *