താന്‍ കണ്ട ജീവിതങ്ങള്‍ മാത്രമാണ് സിനിമയ്ക്കു വിഷയമായിട്ടുള്ളത്: ശ്രീനിവാസന്

കോഴിക്കോട്: മുകള്‍ത്തട്ടിലുള്ളവരുടെ ജീവിതം സങ്കല്പ്പിക്കാന് കഴിയാത്തതിനാലാണ് സാധാരണക്കാരുടെയും ഇടത്തട്ടുകാരുടെയും ജീവിതം സിനിമയ്ക്കു വിഷയമാക്കിയതെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. താനൊരു ബുദ്ധിജീവിയേ അല്ലെന്നും താന്‍ കണ്ട ജീവിതങ്ങള്‍ മാത്രമാണ് സിനിമയ്ക്കു വിഷയമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ശ്രീനിവാസന്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് സിനിമ മോഹിപ്പിച്ചിട്ടില്ല. നാടകനടന്‍ ആവുകയെന്ന ലക്ഷ്യവുമായി നാഷനല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ പ്രവേശനത്തിനു ശ്രമിച്ചു കിട്ടാതായപ്പോഴാണ് മദ്രാസില്‍ സിനിമ അഭിനയം പഠിപ്പിക്കുന്ന സ്ഥാപനം ഉണ്ടെന്നറിഞ്ഞതും അവിടെ ചേര്‍ന്നതും. അഭിമുഖ സമയത്ത് തന്റെ രൂപം നോക്കി അത് സിനിമയ്ക്കു പറ്റില്ലെന്നു കരുതി സംവിധായകന് രാമു കാര്യാട്ട് നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ നാടകത്തിന് ഉപകരിക്കട്ടെ എന്നു കരുതിയാണ് അഭിനയം പഠിച്ചത്. പിന്നീട് രാമു കാര്യാട്ടിന്റെ പേരിലുള്ള സംവിധായക പുരസ്കാരം ലഭിച്ചപ്പോള്‍ ചിരിയാണ് വന്നത്. പി.എ ബക്കറിന്റെ സംഘഗാനം എന്ന സിനിമയില്‍ താനായിരുന്നു നായകന്. അഭിനയത്തിന് സൗന്ദര്യം ഒരു ഘടകമല്ല. എല്ലാവര്ക്കും അവസരങ്ങളുണ്ട്.

ഏറ്റവുമധികം സന്തോഷവും സമാധാനവും നല്‍കുന്നത് എന്താണോ അതാണ് ചെയ്യേണ്ടതെന്ന് കോളെജില്‍ പഠിക്കുമ്ബോള്‍ പ്രിയപ്പെട്ട അധ്യാപകന് പറഞ്ഞുതന്നിരുന്നു. അതുതന്നെയായിരിക്കണം ഉപജീവനം എന്നും ഉപദേശിച്ചു. അന്ന് ആലോചിച്ചപ്പോള്‍ ഏറ്റവും അധികം സന്തോഷം ലഭിക്കുന്നത് നാടകപ്രവര്‍ത്തനം ആയിരുന്നു എന്നതിനാലാണ് നാടകനടനാവാന് ഇറങ്ങിത്തിരിച്ചതെന്നും ശ്രീനിവാസന് പറഞ്ഞു.

നോവലിസ്റ്റ് എം. മുകുന്ദന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്റ്റര്‍ ഷാമിന് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വി.ആര് സുധീഷ്, ഡോ. എസ്.എസ് ശ്രീകുമാര്‍, കെ.പി സുധീര, എം.എ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

