തന്നെ റോഷന് തട്ടിക്കൊണ്ടുപോയതല്ല: ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്ന് ഓച്ചിറയിലെ നാടോടി പെണ്‍കുട്ടി
കൊല്ലം: തന്നെ റോഷന് തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും ഓച്ചിറയിലെ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടി . വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണ് റോഷനൊപ്പം ഒളിച്ചോടിയതെന്നും പെണ്‍കുട്ടി പറഞ്ഞു. മുംബൈ പന്‍വേലിലെ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണയിലാണ് പെണ്കുട്ടിയിപ്പോള്.
പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞപ്പോള്‍ സന്തോഷമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. ഇനി ഓച്ചിറയിലോ കേരളത്തിലോ പെണ്‍കുട്ടിയെ നിര്‍ത്തില്ലെന്നും രാജസ്ഥാനിലേക്ക് കൊണ്ടുപോവുകയാണെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷന് നേരത്തേ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷന് പറഞ്ഞു.

വീട്ടുകാര്‍ക്ക് പ്രണയം അറിയാമായിരുന്നു. എന്നാല്‍ വീട്ടില്‍ സമ്മതിച്ചില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷന് വ്യക്തമാക്കി.

ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബൈയിലുള്ളതിനാല്‍ ഇവിടേക്ക് വന്നു. തട്ടിക്കൊണ്ടുപോയതാണെന്നാണല്ലോ നാട്ടുകാര്‍ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ ‘നാട്ടുകാര്‍ക്ക് എന്തും പറയാമല്ലോ’ എന്നാണ് റോഷന് പ്രതികരിച്ചത്.
നാട്ടിലെ ബന്ധുവിന് വന്ന ഫോണ്‍കോള്‍ പിന്തുടര്ന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടര്ന്ന് പിടികൂടിയത്. മുംബൈയിലെ പന്‍വേലിലായിരുന്നു പെണ്‍കുട്ടിയും റോഷനും. ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.
